
തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് പി ജയരാജൻ. വെള്ളാപ്പള്ളി രണ്ട് തോണിയിൽ കാലുവെക്കുന്നയാളാണെന്നും ഒരേസമയം നവോത്ഥാന സമിതി അധ്യക്ഷനും മകൻ സംഘപരിവാറിനൊപ്പവുമാണെന്നും അദ്ദേഹം പറഞ്ഞു. ബഹുമുഖ വേഷമാണ് വെള്ളാപ്പള്ളിക്കെന്നും ശ്രീനാരായണ ദർശനത്തിന് എതിരായ നിലപാടാണ് ഇപ്പോൾ എസ്എൻഡിപി തലപ്പത്തുള്ളവർക്കെന്നും ജയരാജൻ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിയ സെക്രട്ടേറിയറ്റ് റിപ്പോർട്ടിൽ വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തോൽവിക്ക് കാരണമായെന്ന് സിപിഎം വിലയിരുത്തി. വെള്ളാപ്പള്ളിയെ തള്ളിപ്പറയാത്തത് തെറ്റായിപ്പോയെന്നും തളിപ്പറമ്പിലെ സ്ഥാനാർഥി നിർണയം പിഴച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ജാഗ്രത വേണമായിരുന്നുവെന്നും യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് അയ്യപ്പസംഗമത്തിന്റെ ശോഭ കെടുത്തിയെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.
പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചത് ഏകകണ്ഠമായാണെന്നും പ്രായോഗിക തിരുത്തൽ നടപടികൾ പിന്നീട് സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.






