
ജയ്പൂർ: രാജ്യത്ത് ഉണ്ടായ പാചകവാതക പ്രതിസന്ധി ഏഴ് ദിവസത്തിനകം മറികടന്ന് എൽപിജി വിതരണം സുഗമമാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. രാജസ്ഥാനിൽ രാജ്യത്തെ ആദ്യ ഗ്രീൻഫീൽഡ് റിഫൈനറി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോളതലത്തിൽ വലിയ ഊർജ്ജ പ്രതിസന്ധിക്ക് കാരണമായെന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ വെല്ലുവിളികളിലൊന്നാണ് രാജ്യം നേരിട്ടതെന്നും മോദി പറഞ്ഞു. ഈ സാഹചര്യത്തിൽ ചിലർ ആശങ്ക പരത്താൻ ശ്രമിച്ചെങ്കിലും സർക്കാർ സമയോചിതമായ തീരുമാനങ്ങൾ കൈക്കൊണ്ടുവെന്നാണ് അദ്ദേഹം അവകാശപ്പെട്ടത്.
പാചകവാതക വിതരണം തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞതായും പി.എൻ.ജി വിതരണം വർധിപ്പിച്ചതിലൂടെ എൽപിജി ലഭ്യത ഉറപ്പാക്കിയതായും പ്രധാനമന്ത്രി പറഞ്ഞു. പ്രതിസന്ധിക്കിടയിലും രാജ്യത്ത് എവിടെയും വിതരണ ശൃംഖല തകരാറിലായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുടുംബങ്ങൾക്ക് 950 രൂപ നിരക്കിൽ എൽപിജി സിലിണ്ടർ ലഭ്യമാക്കാനായെന്നും ഇന്ധന വില കുറയ്ക്കുന്നതിനായി 10 രൂപയുടെ ഇറക്കുമതി തീരുവ ഇളവ് നൽകിയതായും മോദി വ്യക്തമാക്കി. വിവിധ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധങ്ങളും അന്താരാഷ്ട്ര സൗഹൃദങ്ങളും പ്രതിസന്ധി മറികടക്കുന്നതിൽ സഹായകമായെന്നും 40 രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഊർജ്ജം ഇറക്കുമതി ചെയ്തതായും അദ്ദേഹം പറഞ്ഞു.
പ്രതിസന്ധിക്കാലത്ത് പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുന്നതിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും ഉജ്ജ്വല യോജനയിലൂടെ പാവപ്പെട്ട കുടുംബങ്ങൾക്ക് ഗ്യാസ് സിലിണ്ടറുകൾ ലഭ്യമാക്കിയതായും മോദി പറഞ്ഞു. രാജസ്ഥാനിലെ മുൻ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തിന്റെ വികസനത്തിന് തടസ്സം സൃഷ്ടിച്ചെന്നും അദ്ദേഹം ആരോപിച്ചു.






