
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കങ്ങൾക്കൊടുവിൽ എഐഎഡിഎംകെ വിമത എംഎൽഎമാർക്ക് ആശ്വാസം. നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച എഐഎഡിഎംകെയിലെ 21 എംഎൽഎമാരെ അയോഗ്യരാക്കില്ലെന്ന് സ്പീക്കർ ജെ.സി.ഡി. പ്രഭാകർ അറിയിച്ചു.
പാർട്ടി വിപ്പ് ലംഘിച്ച് സർക്കാരിനെ പിന്തുണച്ച 25 എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് മുൻപ് നൽകിയ കത്ത് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി (ഇ.പി.എസ്) പിൻവലിച്ചതിനെ തുടർന്നാണ് സ്പീക്കറുടെ ഈ തീരുമാനം.
അതേസമയം, വിശ്വാസവോട്ടെടുപ്പിൽ വിജയ് സർക്കാരിനെ പിന്തുണച്ച ശേഷം എംഎൽഎ സ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് തമിഴക വെട്രി കഴകത്തിൽ (ടിവികെ) ചേർന്ന നാല് പേരുടെ കാര്യത്തിൽ സ്പീക്കർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇവരെ അയോഗ്യരാക്കണമെന്ന ആവശ്യത്തിൽ പിന്നീട് തീരുമാനമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാർട്ടി പിളർപ്പിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെ, ഇ.പി.എസ് കത്ത് പിൻവലിച്ചതും സ്പീക്കറുടെ പുതിയ തീരുമാനവും തമിഴ്നാട് രാഷ്ട്രീയ കേന്ദ്രങ്ങൾ ശ്രദ്ധയോടെ ഉറ്റുനോക്കുകയാണ്.






