
വിഖ്യാത സംവിധായകന് ഭാരതി രാജയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന് സിദ്ധാര്‍ഥ്. താന്‍ ഒരു ചലച്ചിത്രകാരനാകാന്‍ ആഗ്രഹിച്ചതിന്റെ പ്രധാന കാരണം ഭാരതിരാജ എന്ന പ്രതിഭയായിരുന്നുവെന്ന് സിദ്ധാര്‍ഥ് തന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ ഓര്‍മ്മിപ്പിച്ചു.
‘നമ്മുടെ ഗുരു നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു. ഞാൻ ഒരു ചലച്ചിത്രകാരൻ ആകാൻ ആഗ്രഹിച്ചതിന്റെ പ്രധാന കാരണങ്ങളിൽ ഒരാളാണ് ഭാരതിരാജ സർ. എന്നെപ്പോലെ എണ്ണമറ്റ വിദ്യാർത്ഥികൾക്ക് അവരുടെ ആദ്യത്തെ സിനിമാ സ്വപ്നങ്ങൾ സമ്മാനിച്ചത് അദ്ദേഹമാണ്.
സിനിമയിലെ എക്കാലത്തെയും മികച്ച ചില അഭിനേതാക്കളെയും സാങ്കേതിക പ്രവർത്തകരെയും കഥാകാരന്മാരെയും അദ്ദേഹം സംഭാവന ചെയ്തു.
അദ്ദേഹം നമുക്ക് കാണിച്ചുതന്ന ലോകം, അതിനുമുമ്പ് ആരും അത്രത്തോളം സവിശേഷമായ രീതിയിൽ എവിടെയും കണ്ടിട്ടില്ലാത്ത ഒന്നായിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും, സംഘർഷങ്ങളും, സൗന്ദര്യവും, സംഗീതവും, സംസ്കാരവും, സമാനതകളില്ലാത്ത കഥാഖ്യാനവും നമ്മൾ ഇന്ന് അഭിമാനത്തോടെ പ്രതിനിധീകരിക്കുന്ന തമിഴ് സിനിമയെ രൂപപ്പെടുത്തിയെടുത്തു.
അങ്ങയുടെ കലയെന്ന ആ വലിയ സമ്മാനത്തിന് നന്ദി, പ്രിയപ്പെട്ട ഭാരതിരാജ സർ.നമ്മുടെ ഗുരു. നമ്മുടെ "ആശാൻ", നമ്മുടെ അധ്യാപകൻ... നമ്മെ വിട്ടുപോയിരിക്കുന്നു. ഇനി അദ്ദേഹത്തെപ്പോലെ മറ്റൊരാൾ ഉണ്ടാകില്ല. എക്കാലത്തെയും ഏറ്റവും നിർണ്ണായകമായ ഒരു യുഗത്തിന്റെ അവസാനമാണിത്.സിനിമയുടെ മടിത്തട്ടിൽ അങ്ങേക്ക് നിത്യശാന്തി, ഭാരതിരാജ അയ്യാ’-സിദ്ധാര്‍ഥിന്റെ വാക്കുകള്‍.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഭാരതിരാജയുടെ അന്ത്യം. 84 വയസ്സായിരുന്നു. ആറ് തവണ ദേശീയ പുരസ്കാരങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തെ 2004-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്. 2013-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയ ജൂറി ചെയർമാനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സിനിമാ രംഗത്തെ പ്രമുഖർ ഉൾപ്പെടെ നിരവധി പേരാണ് അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.






