
കൽപ്പറ്റ: വയനാട് കോളിയാടിയിൽ ഷിഗെല്ല രോഗവ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നോ എന്ന ആശങ്ക ശക്തമാകുന്നു. നേരത്തെ സ്കൂളിലെ വിദ്യാർഥികൾക്കും അധ്യാപകർക്കുമായിരുന്നു രോഗലക്ഷണങ്ങൾ കണ്ടെത്തിയിരുന്നത്. ഇപ്പോൾ രോഗബാധിതരായ കുട്ടികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന ചില ബന്ധുക്കൾക്കും സമാന ലക്ഷണങ്ങൾ പ്രകടമായതോടെയാണ് ആശങ്ക ഉയർന്നിരിക്കുന്നത്.
സ്കൂളിലെ കുട്ടികളുമായി സമ്പർക്കത്തിലുണ്ടായിരുന്ന 18 പേർക്കാണ് നിലവിൽ രോഗലക്ഷണങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ സാംപിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. നേരത്തെ പരിശോധനയ്ക്ക് അയച്ച 18 കുട്ടികളുടെ ഫലവും ഉടൻ ലഭിക്കുമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചത്.
കോളിയാടി മാർ ബസേലിയോസ് സ്കൂളിലാണ് ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇവിടെ പ്രതിരോധ നടപടികൾ ശക്തമാക്കിയിട്ടുണ്ട്. പ്രദേശത്തെ കിണറുകളിൽ ക്ലോറിനേഷൻ നടത്തുന്നതോടൊപ്പം സ്കൂളുകളിലെ കുടിവെള്ളവും വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. നിലവിൽ രോഗലക്ഷണങ്ങളോടെ 58 കുട്ടികൾ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്.






