
മിമിക്രി വേദികളിലൂടെ തുടക്കം കുറിച്ച്, ബിഗ്സ്ക്രീനില്‍ കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച ശേഷം ‘ദൃശ്യം’ എന്ന ചിത്രത്തിലെ സഹദേവൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ച അഭിനേതാവാണ് കലാഭവൻ ഷാജോൺ. അഴിമതിക്കാരനായ ‘സഹദേവൻ’ എന്ന പോലീസ് കോൺസ്റ്റബിൾ കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ വെറുപ്പും ദേഷ്യവും ഏറെ നേടിയെടുത്ത ഷാജോണിന് വന്‍ കരിയര്‍ ബ്രേക്കാണ് ‘ദൃശ്യം’ നല്‍കിയത്.
ജീത്തു ജോസഫ്- മോഹന്‍ലാല്‍ കോമ്പോയിലെത്തിയ എക്കാലത്തെയും മികച്ച ത്രില്ലര്‍ സിനിമയായ ദൃശ്യം 3 വിജയകരമായി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ ഷാജോണിന്റെ റീ എന്‍ട്രിയും പ്രേക്ഷകര്‍ ഏറ്റെടുക്കുന്നുണ്ട്. ജോർജുകുട്ടിയെ ഏറെ വിറപ്പിച്ച ‘സഹദേവൻ’ രണ്ടാം ഭാഗത്തില്‍ ഇല്ലായിരുന്നെങ്കിലും, മൂന്നാം ഭാഗത്തിൽ മുൻ പൊലീസ് ഉദ്യോഗസ്ഥന്റെ ഞെട്ടിക്കുന്ന ഒരു തിരിച്ചുവരവാണ് ഷാജോണ്‍ നടത്തുന്നത്. സിനിമയിലെ കഥാപാത്രങ്ങള്‍ എങ്ങനെയാണെന്ന് തുറന്നു പറയാതിരുന്നത് പോലെ തന്നെ ചിത്രത്തിന്റെ മൂന്ന് ഭാഗങ്ങളും ട്വിസ്റ്റുകള്‍ കൊണ്ട് നിറഞ്ഞതുമായിരുന്നു.
ഇപ്പോഴിതാ സിനിമയുടെ ട്വിസ്റ്റുകളൊന്നും പുറത്ത് പോകാതെ അണിയറ പ്രവര്‍ത്തകര്‍ നോക്കിയിരുന്നത് എങ്ങനെയാണെന്ന് തുറന്നു പറയുകയാണ് ദൃശ്യം 3 ല്‍ ഡോക്ടറായി വേഷമിട്ട രഞ്ജിനി ജോര്‍ജ്. അഭിനയിക്കാന്‍ എത്തിയപ്പോള്‍ സ്ക്രിപ്റ്റ് തന്റെ കൈയില്‍ പിടിക്കാന്‍ തന്നിരുന്നില്ലെന്നും അസോസിയേറ്റുമാരായ കുട്ടികളാണ് സീന്‍ പറഞ്ഞ് തന്നിരുന്നതെന്നും രഞ്ജിനി പറയുന്നു.
‘‘ഒരു കാരണവശാലും സ്ക്രിപ്റ്റ് കൈയില്‍ വയ്ക്കാന്‍ അനുവദിച്ചിരുന്നില്ല, എന്റെ ഭാഗം മാത്രം എടുത്ത് വായിക്കാന്‍ തരും ഒപ്പം അസോസിയേറ്റുമാരും ഉണ്ടാകും. ട്വിസ്റ്റുകള്‍ പുറത്ത് പോകാതിരിക്കാന്‍ അവര്‍ സ്വീകരിച്ച രീതിയാണ് ഇത്.
സിനിമയിലെ അപ്രതീക്ഷിത എന്‍ട്രിയായിരുന്നു ഷാജോണ്‍. അദ്ദേഹവുമായി എനിക്ക് കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നു. ഷാജോണ്‍ തന്നെ സെറ്റിലേക്ക് വന്നിരുന്നത് മുഖംമൂടിയും തൊപ്പിയും വലിയ കൂളിംഗ് ഗ്ലാസ്സും ധരിച്ചാണ്. ആ രൂപത്തില്‍ അദ്ദേഹത്തെ ആര്‍ക്കും തിരിച്ചറിയാന്‍ പറ്റില്ലായിരുന്നു. കൂടെ അഭിനയിക്കുന്നവര്‍ക്കും പ്രധാനപ്പെട്ട അണിയറ പ്രവര്‍ത്തകര്‍ക്കും മാത്രമാണ് ഷാജോണ്‍ സിനിമയിലുണ്ടെന്ന് അറിയാമായിരുന്നത്. ഞാന്‍ എന്റെ കുട്ടികളോട് പോലും സഹദേവനായി ഷാജോണ്‍ വീണ്ടും വരുന്നുണ്ടെന്ന് പറഞ്ഞിട്ടില്ല.
ശരിക്കും സിനിമ പുറത്തിറങ്ങിയപ്പോള്‍ മാത്രമാണ് എന്റെ റോള്‍ എങ്ങനെയാണ് പ്ലേസ് ചെയ്തിരിക്കുന്നത് എന്ന് മനസ്സിലാക്കിയത്. എന്നാല്‍ ജീത്തു ജോസഫ് ഒരിക്കലും ഒരു കാര്യവും പുറത്ത് പറയരുതെന്ന് പറഞ്ഞിട്ടില്ല. പക്ഷേ സാറിന്റെ സിനിമയിലുള്ള ഒരാളും അങ്ങനെ ചെയ്യാറില്ല. ‘ദൃശ്യം’ 2 വില്‍ ഓഡിഷനിലൂടെയാണ് എത്തിയത്. ഷൂട്ടിംഗ് തുടങ്ങി, സീനെടുക്കുന്ന സമയത്ത് ജീത്തു സാര്‍ ഒരു ടിപ്പ് പറഞ്ഞ് തന്നു. ഏതെങ്കിലും ഒരു പോയിന്റില്‍ ടെന്‍ഷന്‍ വന്നാല്‍ മുന്നിലിരിക്കുന്നത് മോഹന്‍ലാലും മീനയും ആണെന്ന് മറന്നേക്കുക, പകരം ജോര്‍ജ് കുട്ടിയും റാണിയുമാണെന്ന് കരുതിയാല്‍ മതി എന്നായിരുന്നു ഉപദേശം. എങ്കിലും നമ്മളെ പരമാവധി കംഫര്‍ട്ടാക്കാന്‍ ലാല്‍ സാര്‍ ശ്രമിച്ചിരുന്നു...’’ രഞ്ജിനി ജോര്‍ജ് പറഞ്ഞു.
മലയാളികള്‍ മാതമല്ല, ഇതര ഭാഷാ സിനിമാ മേഖലകളില്‍ നിന്നുള്ളവരും പ്രേക്ഷകരുമൊക്കെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ദൃശ്യം 3. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒട്ടും മങ്ങല്‍ വരുത്താതെയാണ് മൂന്നാം ഭാഗവും പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഒടിടി റിലീസായെത്തിയ ദൃശ്യം രണ്ടിനേക്കാൾ കെട്ടുറപ്പുള്ള കഥ കൊണ്ട് ദൃശ്യം മൂന്ന് ഒരുപടി മുകളിലാണ്. കേരളത്തില്‍ നിന്ന് ഏറ്റവുമധികം കളക്ഷന്‍ നേടുന്ന എക്കാലത്തെയും അഞ്ചാമത്തെ ചിത്രമായിരിക്കുകയാണ് ദൃശ്യം 3.






