
വരാനിരിക്കുന്ന തമിഴ്നാട് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ തിരുച്ചിറപ്പളളി ഈസ്റ്റ് മണ്ഡലത്തില്‍ നിന്നും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി നടനും സംവിധായകനുമായ രാഘവ ലോറന്‍സ്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഒഴിഞ്ഞ മണ്ഡലമായ തിരുച്ചിറപ്പളളി ഈസ്റ്റില്‍ നിന്ന് രാഘവ ലോറന്‍സ് ജനവിധി തേടുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. പിന്നാലെ രാഷ്രടീയത്തിലേക്ക് ഇറങ്ങുകയാണ് എന്ന് വ്യക്തമാക്കിക്കൊണ്ട് താരവും രംഗത്തെത്തി.
എന്നാല്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് രാഷ്രടീയ ധര്‍മ്മം അല്ല എന്നാണ് പുതിയ വീഡിയോയില്‍ രാഘവ ലോറന്‍സ് പറയുന്നത്. ടിവികെ പാര്‍ട്ടിയില്‍ സാധാരണ അംഗമായി മൂന്നു നാലു വര്‍ഷം പ്രവര്‍ത്തിച്ചതിനു ശേഷം അധികാരസ്ഥാനത്തേക്ക് വരാനാണ് താന്‍ ആഗ്രഹിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘‘വിജയ് ഒരു സിനിമാ നടനായിരുന്ന കാലം മുതൽ അദ്ദേഹത്തിന് വേണ്ടി പോസ്റ്ററുകൾ ഒട്ടിച്ചും, പാർട്ടി രൂപീകരിച്ചപ്പോൾ താഴെത്തട്ടിൽ കഠിനാധ്വാനം ചെയ്തും കൂടെനിന്ന ഒരുപാട് സാധാരണ പ്രവർത്തകരുണ്ട്. ആ മരത്തിന്റെ ഫലം അനുഭവിക്കേണ്ടത് വിത്ത് പാകി അതിനെ വളർത്തിയെടുത്തവരാണ്. അല്ലാതെ പെട്ടെന്നൊരു ദിവസം മറ്റൊരാൾ വന്ന് അത് തട്ടിയെടുക്കുന്നത് ശരിയല്ല. ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെങ്കിൽ ഒരു സാധാരണ പാർട്ടി അംഗമായി ചേർന്ന് കുറഞ്ഞത് മൂന്ന് നാല് വർഷമെങ്കിലും ജനങ്ങൾക്കായി അധ്വാനിക്കണമെന്നാണ് എന്റെ നയം.’’ - ലോറൻസ് വീഡിയോയിൽ വ്യക്തമാക്കി.
അതിനിടെ രാഘവ ലോറന്‍സിനെ പരിഹസിച്ചുകൊണ്ട്നിരവധി കമന്റുകളും വരുന്നുണ്ട്. ഡി.എം.കെ സ്ഥാനാര്‍ത്ഥി എം.കെ. സ്റ്റാലിന് ഇതേ മണ്ഡലത്തില്‍ ജനവിധി തേടിയേക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെ ലോറന്‍സ് പിന്‍വാങ്ങിയെന്നാണ് ഒരു വിഭാഗത്തിന്റെ വിലയിരുത്തല്‍.






