
കോഴിക്കോട് : ജില്ലയില്‍ വീണ്ടും നിപ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും. നിപ സ്ഥിരീകരിച്ച 43 വയസ്സുകാരന്റെ ആരോഗ്യനില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
നിലവില്‍ അദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്റര്‍ സഹായത്തോടെയാണ് ചികിത്സയില്‍ കഴിയുന്നത്. നിലവില്‍ ന്യുമോണിയയും ബാധിച്ചിട്ടുണ്ട്്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി മെയ് 30 മുതല്‍ ജൂണ്‍ 10 വരെയുള്ള രോഗിയുടെ സഞ്ചാരപഥം ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ 77 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
ഇവരെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഹൈയസ്റ്റ് റിസ്ക് വിഭാഗത്തില്‍ പെട്ട 2 പേര്, 13 പേരെ ഹൈ റിസ്ക് വിഭാഗത്തിലും 62 പേരെ ലോ റിസ്ക്ക് വിഭാഗത്തിലും പെടുത്തിയിട്ടുണ്ട്. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരില്‍ 58 പേര് ആരോഗ്യപ്രവര്‍ത്തകരും, 14 കുടുംബാംഗങ്ങളും, അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. ഹൈയസ്റ്റ് റിസ്ക്കിലുള്ളവരുടെ സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. അത് ഇന്ന് കിട്ടുമെന്നാണ് കരുതുന്നത്. അതേസമയം ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നാണ് സൂചനകള്‍.
നിലവില്‍ ഇവര്‍ക്കാര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ല. ഉയര്‍ന്ന അപകടസാധ്യതയുള്ള 15 പേരെയും ഇതിനകം ഹോം ക്വാറന്റൈനിലാക്കിയിട്ടുണ്ട്. രോഗബാധിത പ്രദേശങ്ങളില്‍ ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിരീക്ഷണം ആരോഗ്യവകുപ്പ് ശക്തമാക്കി. സഹായത്തിനായി കണ്ട്രോള് റൂം തുറന്നിട്ടുണ്ട്്.






