
തിരുവനന്തപുരം: പി എം ശ്രീ പദ്ധതിയിൽ തുടരാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതിലൂടെ ബിജെപിക്ക് കീഴടങ്ങിയിരിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ആരോപിച്ചു. മുൻ സർക്കാർ പദ്ധതിയുടെ ഭാഗമായി ഒരു നയാപൈസ പോലും വാങ്ങിയിട്ടില്ലെന്നും പദ്ധതി മരവിപ്പിച്ചതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പരാമർശങ്ങൾ വസ്തുതാവിരുദ്ധമാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. പി എം ശ്രീ പദ്ധതിയിൽ നിന്ന് പിന്മാറുന്നതിനായി മുൻ സർക്കാർ കേന്ദ്രത്തിന് കത്ത് നൽകിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവായിരുന്നപ്പോൾ കള്ളങ്ങൾ മാത്രം പറഞ്ഞിരുന്ന ആളാണ് വി ഡി സതീശനെന്നും ഇപ്പോൾ മുഖ്യമന്ത്രിയായ ശേഷവും അതേ നിലപാടാണ് തുടരുന്നതെന്ന് പറയാൻ വിഷമമുണ്ടെന്നും എംവി ഗോവിന്ദൻ വിമർശിച്ചു.
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട തുടർനടപടികൾ നിർത്തിവെക്കാൻ എൽഡിഎഫ് സർക്കാർ കത്ത് നൽകിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തെ തള്ളുന്ന രേഖകൾ ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2025 നവംബർ 12ന് കേന്ദ്രത്തിന് അയച്ച കത്ത് പുറത്തുവന്നതായും മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ കത്ത് നൽകിയ കാര്യം വ്യക്തമാക്കിയിരുന്നുവെന്നും എംവി ഗോവിന്ദൻ ചൂണ്ടിക്കാട്ടി.






