
അമിതമായി ജോലി ചെയ്യുന്ന സംസ്കാരവും വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും തമ്മിലുള്ള സന്തുലിതാവസ്ഥയും സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ് ഒരു ഇന്ത്യന്‍ ജീവനക്കാരന്റെ അനുഭവം. ഇന്ത്യയിലെ കമ്പനികളില്‍ കഠിനമായി ജോലി ചെയ്യുന്നതും കൂടുതല്‍ സമയം ഓഫീസില്‍ ചിലവഴിക്കുന്നതും പ്രശംസിക്കപ്പെടാറുണ്ടെങ്കിലും, യൂറോപ്യന്‍ രാജ്യങ്ങളില്‍ സ്ഥിതി തികച്ചും വ്യത്യസ്തമാണെന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവം. നോര്‍വീജിയന്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ഒരു ഇന്ത്യന്‍ ജീവനക്കാരന് തനിക്ക് ബോസില്‍ നിന്നും ലഭിച്ച 'മധുരമുള്ള വഴക്കിനെ' കുറിച്ച് പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്.
താന്‍ അനുവദിക്കപ്പെട്ട വാര്‍ഷിക അവധികള്‍ കൃത്യമായി എടുക്കാത്തതിനും, അവധി ദിവസങ്ങളിലും ജോലി ചെയ്യാന്‍ ശ്രമിച്ചതിനും കമ്പനി ഉടമ തന്നെ ശാസിച്ചതായി ജീവനക്കാരന് വെളിപ്പെടുത്തുന്നു. 'അമിതമായി ജോലി ചെയ്തതിന് ജീവിതത്തില്‍ ആദ്യമായി എനിക്ക് വഴക്ക് കേള്‍ക്കേണ്ടി വന്നു,' എന്ന തലക്കെട്ടോടെയാണ് യുവാവ് തന്റെ അനുഭവം റെഡ്ഡിറ്റില്‍ പങ്കുവെച്ചത്. നോര്‍വേയിലെ തൊഴില്‍ സംസ്കാരം ജീവനക്കാരുടെ മാനസികാരോഗ്യത്തിനും വിശ്രമത്തിനും എത്രത്തോളം മുന്‍ഗണന നല്‍കുന്നുവെന്ന് ഈ സംഭവം അടിവരയിടുന്നു.
കമ്പനി ബോസ് ജീവനക്കാരന് അയച്ച സന്ദേശവും ഈ പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. 'നിങ്ങള്‍ അമിതമായി ജോലി ചെയ്യുകയാണ്. കമ്പനി നിയമപ്രകാരം ഈ വര്‍ഷത്തെ നിങ്ങളുടെ ബാക്കി അവധികള്‍ കൂടി നിങ്ങള്‍ നിര്‍ബന്ധമായും എടുക്കണം. അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്ന രീതി ഇവിടെ പ്രോത്സാഹിപ്പിക്കില്ല. അതുകൊണ്ട് ദയവായി നിങ്ങളുടെ ലാപ്ടോപ്പ് മാറ്റിവെച്ച് വിശ്രമിക്കാന്‍ സമയം കണ്ടെത്തൂ,' എന്നായിരുന്നു ബോസിന്റെ സന്ദേശം. കഠിനാധ്വാനം ചെയ്യുന്നതിനേക്കാള്‍ പ്രധാനം സ്വന്തം ആരോഗ്യവും കുടുംബവമാണെന്ന് ബോസ് ഓര്‍മ്മിപ്പിച്ചു.
ഈ റെഡ്ഡിറ്റ് പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് നെറ്റിസണ്‍സില്‍ നിന്നും ഉണ്ടാകുന്നത്. ഇന്ത്യയിലെ ഭൂരിഭാഗം കോര്‍പ്പറേറ്റ് കമ്പനികളിലും ജീവനക്കാര്‍ കടുത്ത ജോലിഭാരവും സമ്മര്‍ദ്ദവും നേരിടുമ്പോള്‍, വിദേശരാജ്യങ്ങളിലെ ഇത്തരം മാനുഷിക പരിഗണനയുള്ള തൊഴില്‍ സംസ്കാരം ഇന്ത്യയിലും നടപ്പിലാക്കേണ്ടതുണ്ടെന്ന് പലരും കമന്റ് ചെയ്തു. സ്വന്തം ജീവനക്കാരുടെ ക്ഷേമത്തിന് പ്രാധാന്യം നല്കുന്ന ഇത്തരം ബോസുമാരാണ് യഥാര്‍ത്ഥ മാതൃകയെന്നും ആളുകള്‍ കുറിച്ചു.






