
സംസ്ഥാനത്ത് മഴയുടെ തീവ്രത കുറയുമെന്ന് മുന്നറിയിപ്പ്. ഇന്ന് 9 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂരിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നാളെയും യെല്ലോ മുന്നറിയിപ്പുണ്ട്. മലയോര മേഖലകളിൽ ശക്തമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിന് വിലക്കേർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുണ്ട്.
അതേസമയം, നദികളിലെ ജലനിരപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ജല കമ്മിഷൻ മുന്നറിയിപ്പ് നൽകി. ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് തിരുവനന്തപുരം ജില്ലയിലെ കരമന നദിയിൽ (വെള്ളൈകടവ് സ്റ്റേഷൻ) കേന്ദ്ര ജല കമ്മിഷൻ മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചു. നദീതീരത്തുള്ളവർ ജാഗ്രത പാലിക്കണം. യാതൊരു കാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ച് കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും അധികൃതരുടെ നിർദേശാനുസരണം വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാകണമെന്നും കെഎസ്ഡിഎംഎ അറിയിച്ചു.






