
മലയാളസിനിമാലോകത്തെയും ആരാധകരെയും ഒരുപോലെ നൊമ്പരത്തിലാഴ്ത്തിയ വേര്‍പാടായിരുന്നു സലിം കുമാറിന്റേത്. മിമിക്രി വേദികളിലൂടെ സിനിമാലോകത്തേക്കെത്തിയ താരം ഹാസ്യവും വൈകാരിക രംഗങ്ങളും ഒരുപോലെ തന്മയത്വത്തോടെ കൈകാര്യം ചെയ്താണ് സലിം കുമാര്‍ പ്രേക്ഷകമനസ്സിലിടം നേടിയത്. തൊണ്ണൂറുകളില്‍ ജനിച്ച മലയാളികളെ സംബന്ധിച്ച് ഒരു സലിം കുമാര്‍ ഡയലോഗെങ്കിലും കൂട്ടുകാരോടും വീട്ടുകാരോടും സഹപ്രവര്‍ത്തകരോടും പറയാതെ ഒരു ദിവസം കടന്നു പോകുക അസാധ്യമാണ്. അത്രയ്ക്കും ആഴത്തില്‍ സലിം കുമാര്‍ മലയാളമനസ്സില്‍ പതിഞ്ഞിട്ടുണ്ട്.
മലയാളസിനിമയ്ക്കുണ്ടായ ഈ തീരാനഷ്ടത്തിന് പല സഹപ്രവര്‍ത്തകരും ആരാധകരും സോഷ്യല്‍ മീഡിയയിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ട്. മലയാള സിനിമയെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തി വിട്ടുപിരിഞ്ഞ അതുല്യ കലാകാരന്റെ വേര്‍പാടില്‍ തങ്ങളുടെ വ്യക്തിപരമായ അനുഭവങ്ങളും ജീവിതത്തില്‍ സലിം കുമാര്‍ ചെലുത്തിയ സ്വാധീനവുമാണ് പലരും സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചത്.
ഇപ്പോഴിതാ സലിം കുമാറിന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് നടനും തിരക്കഥാകൃത്തും സംവിധായകനുമായ ബാലചന്ദ്ര മേനോൻ. വർഷങ്ങൾക്ക് മുൻപ് തന്നെ അനുകരിക്കുന്നൊരു മെലിഞ്ഞ പയ്യനായാണ് സലിം കുമാറിനെ ആദ്യമായി കാണുന്നതും പിന്നീട് ചിരിയുടെ പര്യായമായ അദ്ദേഹം ഇന്ത്യയിലെ മികച്ച നടനായെന്നും 50 വർഷത്തെ തന്റെ സിനിമാ ജീവിതത്തിൽ ദേ ഇങ്ങോട്ട് നോക്കിയെ എന്ന സിനിമയിൽ മാത്രമാണ് ഒന്നിച്ച് പ്രവർത്തിക്കാനായതെന്നും എന്നാൽ സൗഹൃദം ഉണ്ടായിരുന്നുവെന്നുമാണ് ബാലചന്ദ്രമേനോന് കുറിച്ചത്.
‘‘മരണാനന്തര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാഞ്ഞതുകൊണ്ടു ഞാൻ സലിം കുമാറിന്റെ ‘ലാഫിങ് വില്ല’ എന്ന ഭവനത്തിൽ പോയി കുടുംബാംഗങ്ങളെ കണ്ടു. വീടിന്റെ പേരിൽ തന്നെ ഒരു ‘സലിം കുമാർ’ ടച്ചു തോന്നി. ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നത് ദൈവം തന്ന വരദാനമായി ഉൾകൊണ്ട ഒരാൾക്ക് തന്റെ വാസസ്ഥലത്തിന് അങ്ങിനെ ഒരു പേരേ മനസ്സിൽ തടയുകയുള്ളു എന്നത് സ്വാഭാവികം...
ഞങ്ങൾ തമ്മിലുള്ള ബന്ധം ‘സിനിമാപരമായി’ കാണുകയാണെങ്കിൽ അത് വളരെ ദുർബലമാണ് എന്ന് പറയേണ്ടിവരും. അമ്പതു വർഷത്തെ എന്റെ സിനിമാജീവിതത്തിൽ എന്റെ സംവിധാനത്തിൽ സലിംകുമാർ ഒരേ ഒരു ചിത്രത്തിൽ മാത്രമേ സഹകരിച്ചിട്ടുമുള്ളൂ,
‘ദേ ഇങ്ങോട്ടു നോക്കിയേ....’
എന്നാൽ പലയിടങ്ങളിലും വെച്ച് കണ്ടും മിണ്ടിയും, നർമ്മങ്ങൾ പറഞ്ഞും, മിമിക്രിയിലൂടെയും ഒക്കെ ഞങ്ങൾ നല്ല ഒരു സൗഹൃദം പങ്കിട്ടിരുന്നു. വർഷങ്ങൾക്കു മുൻപ് ഏതോ വേദിയിൽ ഒരു മെലിഞ്ഞ പയ്യൻ എന്നെ തരക്കേടില്ലാതെ ശബ്ദത്തിലൂടെ അനുകരിക്കുന്നത് കണ്ടതാണ് ആദ്യ ഓർമ്മ. അവിടുന്ന് പിന്നീട് പ്രേക്ഷകരുടെ ‘ചിരിയുടെ പര്യായമായി’ മാറിയതും ഇന്ത്യയിലെ ഏറ്റവും നല്ല നടനുള്ള ദേശീയ ബഹുമതി നേടിയതുമൊക്കെ അഭിമാനമുള്ള ചരിത്രം!
കാര്യം ആൾക്കാര് തമാശക്കാരനായി ചാപ്പ കുത്തിയെങ്കിലും സലീമിന്റെ കാലോചിതമായ പല വീഡിയോകളും സോഷ്യൽ മീഡിയായിൽ കണ്ടു കഴിഞ്ഞപ്പോൾ ഇത് ‘കാര്യം നിസ്സാരമല്ല’, ‘പ്രശനം ഗുരുതര’ മാണെന്ന് എനിക്ക് ബോധ്യമായി... ‘എന്റെ യാത്ര എങ്ങോട്ടാണെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്’ എന്നും ‘ഈ ഭൂമി മലയാളത്തിൽ ഒന്നും എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട്’ ചെയ്യാൻ പറ്റില്ല, എന്നിട്ടും മനുഷ്യൻ വലിച്ചു വാരിക്കൂട്ടുകയാണ് എന്നും’, സ്വബോധത്തിൽ പറയുന്ന ഒരു തമാശക്കാരൻ ഒരിക്കലും നിസ്സാരനല്ലല്ലോ...
എന്റെ ഇന്നിതു വരെയുള്ള സിനിമകളെ ഉൾപ്പെടുത്തി ഞാൻ പ്രസിദ്ധീകരിച്ച ‘ഇത്തിരി നേരം ഒത്തിരി കാര്യം’ എന്ന പുസ്തകത്തിൽ ‘ചിരിയോ ചിരി’ എന്ന ചിത്രത്തെക്കുറിച്ച് സലിം കുമാർ എഴുതിയ കുറിപ്പ് വായിച്ചപ്പോഴാണ് ഈ തമാശക്കാരന്റെ ഉള്ളിൽ ഒളിച്ചിരിക്കുന്ന കുറുമ്പുള്ള വിമർശകനെ ഞാൻ അടുത്തറിഞ്ഞത്. 26 പ്രാവശ്യം ‘ചിരിയോ ചിരി’ ആവർത്തിച്ചു കണ്ട് ആസ്വദിച്ചു എന്ന് സലിം കുമാർ പറഞ്ഞതാണ് ആ ചിത്രത്തിന് അദ്ദേഹം നൽകിയ ആദരവ് എന്ന് ഞാൻ മനസ്സിലാക്കുന്നു...
ഒന്നും ഒന്നിന്റെയും അന്ത്യമല്ല... സലീമിന്റെ പിന്തുടർച്ചക്കാരായി മക്കൾ രണ്ടുപേരുണ്ട്. ചന്തുവും ആരോമലും. ചന്തു ഇപ്പോൾ തന്നെ നടൻ എന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഇനി അവർ വേണം ആ അമ്മക്ക് ആശ്വാസവും അഭിമാനവുമാകാൻ...
എന്റെ പ്രാർത്ഥനകളും ആശംസകളും അവർക്കൊപ്പം.... അധികം ആർക്കും അറിയാത്ത ഒരു രഹസ്യ ബന്ധവും ഞങ്ങൾക്കിടയിലുണ്ട്...
ഈ സഹസ്രാബ്ധം തുടങ്ങിയ പുതുവർഷം ഞാൻ ഭാര്യാസമേതനായി ആഘോഷിച്ചത് എന്റെ സുഹൃത്ത് വേണുവിന്റെ വക ‘അഷ്ടമുടി റിസോർട്സ്’ എന്ന വിശ്രമകേന്ദ്രത്തിലായിരുന്നു. അവിടെ പുതുവർഷ ആഘോഷങ്ങൾക്കു ചുക്കാൻ പിടിച്ചത് സലിം കുമാറായിരുന്നു. ഞാനും സലീമും ഒരുമിച്ചാണ് 2001 ലേക്ക് കാലൂന്നിയത് .
എന്റെ പുസ്തകത്തിൽ, സലിം എഴുതിയ ലേഖനത്തിന്റെ അവസാനത്തെ ഭാഗം ഒന്ന് ശ്രദ്ധിക്കുക...‘മേലേ വാര്യത്തെ മാലാഖക്കുട്ടികൾ’ എന്ന സിനിമയിലായിരുന്നു ഞാൻ ബാലചന്ദ്രമേനോനെ ആദ്യമായി അടുത്തു കാണുന്നത്. എന്റെ ബഹുമാനം കൊണ്ടു തന്നെ ഒരൽപം അകലത്തിലായിരുന്നു ഞാൻ നിന്നിരുന്നത്. ഇത് മനസ്സിലാക്കിയ അദ്ദേഹം എന്നോട് കൂടുതൽ അടുത്തു പെരുമാറുകയും, പിന്നീട് വലിയൊരു സൗഹൃദത്തിന് കാരണമാവുകയും ചെയ്തു. കാലം എനിക്ക് കരുതിവെച്ചിരുന്ന സൗഭാഗ്യങ്ങളിൽ ഒന്നായി ഞാൻ ഈ സൗഹൃദത്തെ കാണുന്നു....’’
പ്രിയപ്പെട്ട സലീമേ ...എന്റെ പക്കൽ ഇപ്പോൾ പ്രാർത്ഥനകൾ മാത്രമേയുള്ളു ...പ്രാർത്ഥനകൾ മാത്രം...’’ എന്നാണ് ബാലചന്ദ്രമേനോന് സുദീര്‍ഘമായി കുറിച്ചിരിക്കുന്നത്.






