
കാസര്‍ഗോഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ 25 വയസുകാരിയായ സ്‌നേഹ മെര്‍ലിനെതിരേ മേല്‍പ്പറമ്പ് പോലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്‌റ്റര്‍ ചെയ്‌തു. ഇതോടെ സ്‌നേഹ മെര്‍ലിനെതിരേയുള്ള പോക്‌സോ കേസുകളുടെ എണ്ണം നാലായി.
മേല്‍പ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 16 വയസുകാരിയുടെ പരാതിയിലാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്‌നേഹ, വീട്ടിലെ സന്ദര്‍ശനത്തിനിടെയാണു പീഡനം നടത്തിയതെന്നാണ് പരാതി.
സംഭവം നടന്ന സമയത്തു ഭയം കാരണം പെണ്‍കുട്ടി ആരോടും ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീടു കൗണ്‍സിലിങ്ങിനിടെയാണു സംഭവം പുറത്തറിഞ്ഞതെന്നു പോലീസ് അറിയിച്ചു. ഇതു പഴയ സംഭവമാണെന്നും ഇരയായ പെണ്‍കുട്ടി ഭയം കാരണമാണ് ഇത്രയും നാള്‍ പരാതി നല്‍കാതിരുന്നതെന്നും പോലീസ് വ്യക്‌തമാക്കി.
തളിപ്പറമ്പ് പുള്ളിപ്പറമ്പ് സ്വദേശിനിയായ സ്‌നേഹ മെര്‍ലിനെതിരേ ഇതിനുമുമ്പു മൂന്നു പോക്‌സോ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. മൂന്നു കേസുകളും തളിപ്പറമ്പ് പോലീസ് സ്‌റ്റേഷനിലാണ്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 14നാണ് 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്‌നേഹ മെര്‍ലിന്‍ അറസ്‌റ്റിലായത്. സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ബാഗില്‍നിന്ന് അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതോടെ അധ്യാപകര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്നു ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിങ്ങില്‍ പീഡന വിവരം പുറത്തുവരുകയായിരുന്നു. സ്വര്‍ണ ബ്രേസ്‌ലെറ്റ് ഉള്‍പ്പെടെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കി കുട്ടിയെ സ്വാധീനിച്ചാണു പീഡിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
ഇരയായ പെണ്‍കുട്ടിയുടെ 15 വയസുള്ള സഹോദരനെ പല തവണ ലൈംഗികമായി പീഡിപ്പിച്ചിരുന്നതായി ഈ കേസില്‍ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ വെളിപ്പെടുത്തലുണ്ടായി. തുടര്‍ന്ന് 15 വയസുകാരനെ പീഡിപ്പിച്ച കേസിലും തളിപ്പറമ്പ് പോലീസ് സ്‌നേഹ മെര്‍ലിനെ അറസ്‌റ്റ് ചെയ്‌തു.പതിനാല് വയസുകാരനായ ബാലനെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്‌ത കേസില്‍ സ്‌നേഹ മെര്‍ലിനെതിരേ ഇതിനുമുമ്പു പോക്‌സോ കേസ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നു.തളിപ്പറമ്പ് കേസുകളുമായി ബന്ധപ്പെട്ടു ഭാരതീയ ന്യായ സംഹിതയിലെ ലൈംഗികാതിക്രമം, അതിക്രമിച്ചു കയറല്‍ തുടങ്ങിയ വകുപ്പുകളും പോക്‌സോ നിയമത്തിലെ ഗുരുതര ലൈംഗിക പീഡന വകുപ്പുകളും സ്‌നേഹ മെര്‍ലിനെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്.
ഈ കേസുകളില്‍ കുറ്റക്കാരിയാണെന്നു തെളിഞ്ഞാല്‍ കുറഞ്ഞത് 20 വര്‍ഷം മുതല്‍ ജീവപര്യന്തം തടവ് വരെ ശിക്ഷ ലഭിക്കാമെന്നു പോലീസ് അറിയിച്ചു. 2025ല്‍ അറസ്‌റ്റിലാകുന്നതിനു തൊട്ടുമുമ്പ് തളിപ്പറമ്പില്‍ ഓട്ടോ സ്‌പെയര്‍ പാര്‍ട്‌സ് കട ആരംഭിക്കാനുള്ള തയാറെടുപ്പിലായിരുന്നു സ്‌നേഹ.
സി.പി.ഐ. കണ്ണൂര്‍ ജില്ലാ നേതാവ് കോമത്ത് മുരളീധരനെ ഹെല്‍മെറ്റ് ഉപയോഗിച്ച് ആക്രമിച്ച കേസും ഇവര്‍ക്കെതിരേയുണ്ട്. തളിപ്പറമ്പ് പോലീസ് ഇതു സംബന്ധിച്ചു കേസെടുത്തിട്ടുമുണ്ട്.
ഏറ്റവും പുതിയ പരാതിയില്‍ മേല്‍പ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു. ഇരയുടെ മൊഴിയും കൗണ്‍സിലിങ് റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നു പോലീസ് പറഞ്ഞു.






