
കൊച്ചി: കാനഡയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ പ്രതികള്‍ ഇരകളില്‍നിന്ന് ഈടാക്കിയത് 30 ലക്ഷം രൂപ വീതം. ഇതര സംസ്‌ഥാനക്കാര്‍ പ്രതികളായ കേസില്‍ തട്ടിപ്പിന് ഇരയായവരും ഇതര സംസ്‌ഥാനക്കാരാണ്.
എട്ടാംക്ലാസ് വരെ മാത്രം പഠിച്ച 7 പേരെയാണ് തട്ടിപ്പിന് വിധേയരാക്കിയത്. കാനഡയില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് 11 പേരടങ്ങുന്ന സംഘമാണ് ഇവരെ കൊച്ചിയില്‍ എത്തിച്ചത്. ഹരിയാന, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക സംസ്‌ഥാനങ്ങളില്‍ നിന്നുള്ളവരാണ് പണം നഷ്‌ടപ്പെട്ടവര്‍. നെടുമ്പാശ്ശേരിയില്‍ നിന്ന് കാനഡയിലേക്ക് കൊണ്ടുപോകാമെന്നു പറഞ്ഞാണു കൊച്ചിയില്‍ വരുത്തിയത്.
ജോലി തേടിയെത്തിയവര്‍ കൊടിയ പീഡനത്തിന് ഇരയായെന്ന് പോലീസ് പറയുന്നു. രക്ഷിക്കുന്ന സമയത്ത് പലരും അവശനിലയിലായിരുന്നു. ഏഴുപേരില്‍ ഒരാള്‍ തടവില്‍ പാര്‍പ്പിച്ചിരുന്ന സ്‌ഥലത്തുനിന്ന് രക്ഷപ്പെട്ടാണ് പോലീസ് സ്‌റ്റേഷനിലെത്തി വിവരം അറിയിച്ചത്.
പോലീസ് എത്തിയെന്ന് അറിഞ്ഞ് തട്ടിപ്പുസംഘം മുങ്ങുകയായിരുന്നു. ഇവരില്‍ മലയാളികളുണ്ടോയെന്നാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്.
കൊച്ചി ചേരാനല്ലൂരില്‍ വീടെടുത്ത് തടവില്‍ പാര്‍പ്പിക്കണമെങ്കില്‍ മലയാളികളുടെ സഹായം കിട്ടിയിട്ടുണ്ടാകണമെന്നു പോലീസ് സംശയിക്കുന്നു.
പോലീസ് പിടികൂടിയ ബംഗാള്‍ സ്വദേശിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചു വരികയാണ്. കബളിപ്പിക്കപ്പെട്ടവരുടെ നാടുകളിലേക്ക് അവരെ തിരിച്ചയക്കാന്‍ നടപടികള്‍ തുടങ്ങി.






