
ബെംഗളൂരു നഗരത്തിലെ ഒരു സാധാരണ തെരുവില്‍ അരങ്ങേറിയ അപൂര്‍വ്വമായൊരു ദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കച്ചവടമില്ലാതെ സങ്കടപ്പെട്ടിരുന്ന ഒരു വഴിയോരക്കച്ചവടക്കാരിയായ സ്ത്രീക്ക് തുണയായി എത്തിയിരിക്കുകയാണ് അമേരിക്കന്‍ വ്ലോഗറായ ക്രിസ് റോഡ്രിഗസ്. റോഡരികില്‍ പച്ചക്കറി വില്‍ക്കുന്ന സ്ത്രീയുടെ ദയനീയാവസ്ഥ കണ്ട് മനസ്സലിഞ്ഞ വ്ലോഗര്‍, അവരില്‍ നിന്നും ഒരൊറ്റ പാവയ്ക്ക 1,000 രൂപ നല്കി വാങ്ങുന്ന ഹൃദയസ്പര്‍ശിയായ വീഡിയോ ആണ് നെറ്റിസണ്‍സ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്.
പച്ചക്കറി സ്റ്റാളിന് മുന്നില്‍ കച്ചവടമില്ലാതെ നിരാശയോടെ ഇരുന്ന സ്ത്രീയുടെ അടുത്തേക്ക് ക്രിസ് സ്വയം എത്തിച്ചേരുകയായിരുന്നു. 'നമസ്തേ, സുഖമാണോ? ഇന്ന് കച്ചവടം കുറവാണോ? എനിക്ക് നിങ്ങളെ സഹായിക്കണം, ഞാന്‍ എന്തെങ്കിലും വാങ്ങിക്കോട്ടെ?' എന്ന് ക്രിസ് ചോദിച്ചെങ്കിലും ഭാഷ അറിയാത്തതിനാല്‍ അവര്‍ക്ക് അത് മനസ്സിലായില്ല. അവര്‍ കന്നഡയില്‍ മറുപടി നല്കിയപ്പോള് ക്രിസിനും ഒന്നും മനസ്സിലായില്ല. തുടര്‍ന്ന് ഇംഗ്ലീഷ് അറിയാവുന്ന ആരെങ്കിലും ഒപ്പമുണ്ടോ എന്ന് ക്രിസ് ചുറ്റുമുള്ളവരോട് അന്വേഷിച്ചു. ഒടുവില്‍ അവിടെയുണ്ടായിരുന്ന ഒരു പ്രദേശവാസി സഹായത്തിനെത്തുകയും, ക്രിസ് കൈയിലെടുത്ത പച്ചക്കറി 'പാവയ്ക്ക' ആണെന്ന് വിശദീകരിക്കുകയും ചെയ്തു.
സ്കൂളുകള്‍ക്ക് അവധിയായതിനാല്‍ കച്ചവടം വളരെ മന്ദഗതിയിലാണെന്നും, സാധാരണയായി ഒരു ദിവസം 1,000 രൂപയോളമാണ് തനിക്ക് വരുമാനം ലഭിക്കാറുള്ളതെന്നും ആ സ്ത്രീ വ്ലോഗറോട് സങ്കടത്തോടെ വിശദീകരിച്ചു. ഇത് കേട്ട ഉടന്‍ തന്നെ അവരുടെ ഒരു ദിവസത്തെ മുഴുവന്‍ വരുമാനത്തിന് തുല്യമായ 1,000 രൂപ നല്കി ക്രിസ് ആ പാവയ്ക്ക വാങ്ങുകയായിരുന്നു. വലിയ തുക കൈമാറിയ ഉടന്‍ തന്നെ ആ സ്ത്രീയുടെ മുഖത്ത് സന്തോഷത്തിന്റെ വലിയൊരു പുഞ്ചിരി വിരിഞ്ഞു. പകരമായി കൂടുതല്‍ പച്ചക്കറികള്‍ നല്കാന് അവര്‍ ശ്രമിച്ചെങ്കിലും ക്രിസ് അത് സ്നേഹപൂര്‍വ്വം നിരസിക്കുകയും, അവരുടെ മനോഹരമായ ചിരിയെ പ്രശംസിച്ച് 'ധന്യവാദ്' പറഞ്ഞ് യാത്രയാവുകയും ചെയ്തു.
'ഇന്ത്യയിലെ ഒരു വഴിയോരക്കച്ചവടക്കാരിയെ സഹായിക്കുന്നു' എന്ന അടിക്കുറിപ്പോടെ പങ്കുവെച്ച ഈ വീഡിയോ ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ആ സ്ത്രീയുടെ അന്തസ്സ് കെടുത്താതെ, അത്രമേല്‍ ദയയോടെ സഹായിച്ച വ്ലോഗര്‍ക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും വലിയ രീതിയിലുള്ള കൈയടിയാണ് ലഭിക്കുന്നത്. ചെറിയൊരു കാരുണ്യപ്രവൃത്തിക്ക് ഒരാളുടെ ദിവസത്തെ മുഴുവന്‍ മാറ്റിമറിക്കാന്‍ കഴിയുമെന്നതിന്റെ മനോഹരമായ തെളിവാണ് ഈ ദൃശ്യമെന്ന് നെറ്റിസണ്‍സ് കുറിക്കുന്നു.






