
തിരുവനന്തപുരം: ശക്തമായ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമനത്തില്‍ യുടേണ്‍ അടിച്ച് സംസ്ഥാന സര്‍ക്കാര്‍. ദേവസ്വം സ്പെഷ്യല്‍ പ്ലീഡറായി സര്‍ക്കാര്‍ നിയോഗിച്ച കെ.ബി. പ്രദീപ് സ്ഥാനം രാജിവെയ്ക്കും. മുഖ്യമന്ത്രി തന്നെയാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ സ്പെഷ്യല്‍ പ്ലീഡര്‍ ആക്കി നിയമിച്ചതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു.
സ്വര്‍ണ്ണക്കൊള്ള കേസില്‍ സ്മാര്‍ട്ട് ക്രീയേഷന്‍സ് അഭിഭാഷകനായ കെ.ബി.പ്രദീപ് പ്രതിഭാഗത്തുള്ള അഭിഭാഷകനാണ് എന്ന് ചൂണ്ടിക്കാട്ടി നേരത്തേ ഇടതുപക്ഷം വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. നേരത്തേ സ്വര്‍ണ്ണക്കൊള്ളയില്‍ എസ്ഐടി സ്മാര്‍ട്ട് ക്രീയേഷന്സിനെ പ്രതിചേര്‍ത്തിരുന്നു. സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണം ഇതുവരെ അവസാനിക്കുകയോ കുറ്റപത്രം സമര്‍പ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യം മുന്നിലുള്ളപ്പോഴാണ് പ്രതിഭാഗത്തിന്റെ അഭിഭാഷകനെ ദേവസ്വം പ്ലീഡറാക്കിയത്.
ഇന്നലെ ഈ വിഷയത്തില്‍ വിമര്‍ശനം ഉയര്‍ന്നപ്പോള്‍ ക്യാബിനറ്റില്‍ എടുത്ത തീരുമാനമാണ് ഇതെന്നും മുഖ്യമന്ത്രിയ്ക്ക് തീരുമാനം എടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയിരുന്നെന്നുമാണ് ദേവസ്വംമന്ത്രി കെ. മുരളീധരന് പറഞ്ഞത്. നേരത്തേ പ്രദീപിനെ ദേവസ്വം സ്പെഷ്യല്‍ പ്ലീഡറാക്കി നിയോഗിച്ചതിനെതിരേ പ്രതിപക്ഷം ശക്തമായി എതിര്‍ത്തിരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ അഭിഭാഷകനായ കെ ബി പ്രദീപിന്റെ നിയമനം ഉദ്ദിഷ്ടകാര്യത്തിനുള്ള ഉപകാരസ്മരണയാണെന്നാണ് മുന്‍ ദേവസ്വംമന്ത്രി വി എന്‍ വാസവന് പറഞ്ഞത്.
ഇല്ലാത്ത തസ്തികയുണ്ടാക്കിയാണ് കെ ബി പ്രദീപിനെ സ്പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വര്‍ണ്ണക്കൊള്ള കേസില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കുള്ള ബന്ധം പുറത്തു വരാതിരിക്കാനുള്ള നീക്കമാണ് കെ ബി പ്രദീപിന്റെ നിയമനമെന്നും പറഞ്ഞു. ഇതുവരെ സീനിയര്‍ ഗവണ്മെന്റ് പ്ലീഡര്‍ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. എന്നാല്‍ സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡറായാണ് കെ ബി പ്രദീപിനെ നിയമിച്ചിരിക്കുന്നത്. സ്പെഷല്‍ ഗവണ്മെന്റ് പ്ലീഡര്‍ എന്ന പദവി പ്രത്യേകമായി നല്‍കിയാണ് നിയമനം. മൂന്ന് പ്രത്യേക സ്പെഷ്യല്‍ ഗവണ്മെന്റ് പ്ലീഡര്‍മാരെയാണ് സര്‍ക്കാര്‍ നിയമിച്ചത്. അതില്‍ ഒന്നാണ് കെ ബി പ്രദീപിന്റെ നിയമനം.
2019 ല്‍ ദ്വാരപാലക ശില്പത്തില് സ്വര്‍ണം പൂശിയ സ്മാര്‍ട്ട് ക്രിയേഷന്, സ്വര്‍ണം പൂശാനായി ശരിയായ സാങ്കേതിക വിദ്യയല്ല ഉപയോഗിച്ചതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. 2019ല്‍ പാളിയില്‍ നിന്നും സ്വര്‍ണം വേര്‍തിരിക്കാനുള്ള സാങ്കേതിക വിദ്യ സ്മാര്‍ട്ട് ക്രിയേഷന്‍സിന് ഉണ്ടായിരുന്നില്ല. പാളികള്‍ കൊണ്ടുപോയ ഉണ്ണികൃഷ്ണന് പോറ്റി പിന്നീട് കൊണ്ടുവന്നത് ചെമ്പുപാളിയാണ്. 474.9 ഗ്രാം സ്വര്‍ണം സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറിയതെന്നും കോടതി കേസ് പരിഗണിക്കവേ പറഞ്ഞിരുന്നു.






