
തിരുവനന്തപുരം: പി.എം.ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രാഷ്ട്രീയപോര് കടുക്കുന്നു. പദ്ധതിയുമായി മുമ്പോട്ട് പോകാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ പ്രതിപക്ഷം ശക്തമായ നിലപാട് എടുക്കുകയാണ്. പദ്ധതിയുമായി പോയാല്‍ പ്രത്യക്ഷസമരവുമായി രംഗത്ത് വരുമെന്നാണ് സി.പി.ഐ. എമ്മിന്റെ നിലപാട്. സി.പി.ഐ.എമ്മിന്റെ സമാന നിലപാടാണ് സി.പി.ഐ.യും എടുത്തിരിക്കുന്നത്.
പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിലും യുഡിഎഫ് മുന്‍ നിലപാടുകളില്‍ നിന്ന് പിന്നോട്ട് പോയെന്ന് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പ്രതിപക്ഷനേതാവ് പരസ്യമായ വിമര്‍ശനം നടത്തിയിരുന്നു. നേരത്തേ പദ്ധതിയെ എതിര്‍ത്തിരുന്ന മുസ്‌ളീംലീഗ് തങ്ങളുടെ തന്നെ വിദ്യാഭ്യാസമന്ത്രി തീരുമാനം എടുത്തതില്‍ വെട്ടിലായിരിക്കുകയാണ്. അതേസമയം പദ്ധതി തങ്ങള്‍ കൊണ്ടുവന്നതല്ലെന്നും കഴിഞ്ഞ ഇടതുസര്‍ക്കാര്‍ കൊണ്ടുവന്നതാണെന്നുമാണ് ഇക്കാര്യത്തില്‍ യുഡിഎഫ് നടത്തുന്ന ന്യായീകരണം.
എല്‍ഡിഎഫിന്റെ കാലത്ത് പദ്ധതിയില്‍ ഒപ്പുവെച്ചതാണെന്നും താല്‍ക്കാലികമായി മരവിപ്പിച്ച് വെച്ചു എന്നേയുള്ളെന്നുമാണ് യുഡിഎഫ് പറയുന്നത്. പി.എം.ശ്രീ പദ്ധതിയുമായി മുമ്പോട്ട് പോകുമെന്നാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ക്ക് സര്‍ക്കാര്‍ ഉപസമിതിയെ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. ഉപസമിതി നല്‍കുന്ന നിര്‍ദേശം അനുസരിച്ചായിരിക്കും ബാക്കി കാര്യങ്ങള്‍ ചെയ്യുക. കഴിഞ്ഞദിവസം പി എം ശ്രീ പദ്ധതിയില്‍ നിന്ന് ഒരു പൈസ പോലും എല്‍ഡിഎഫ് സര്‍ക്കാര്‍ വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കി മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്ത് വന്നിരുന്നു.
പി എം ശ്രീയുമായി ബന്ധപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എസ് എസ് കെ ഫണ്ട് വാങ്ങുന്നതിനുള്ള നടപടിയാണ് സ്വീകരിച്ചതെന്നും വി ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു. പി എം ശ്രീ നടപ്പാക്കുന്നതിന് വേണ്ടി സ്‌കൂളുകളുടെ പട്ടിക കൊടുക്കണമായിരുന്നു. അത് എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്തിട്ടില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു.






