
തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ സർക്കാറിന് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ. പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും വിഷയം രാഷ്ട്രീയ ആയുധമാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പത്ത് വർഷം ഭരിച്ചിട്ടും പരാജയപ്പെട്ടവരാണ് ഇപ്പോൾ എല്ലാ കാര്യങ്ങളിലും കുറ്റം കണ്ടെത്തുന്നതെന്നും മന്ത്രി വിമർശിച്ചു.
നിപ സാഹചര്യം വിലയിരുത്തുന്നതിനായി താൻ കോഴിക്കോട് ഉണ്ടായിരുന്നുവെന്നും ആവശ്യമായ എല്ലാ നിർദേശങ്ങളും നൽകിയ ശേഷമാണ് തിരുവനന്തപുരത്തേക്ക് മടങ്ങിയതെന്നും മന്ത്രി വ്യക്തമാക്കി. റവന്യൂ മന്ത്രി കോഴിക്കോട് ജനപ്രതിനിധികളുടെ യോഗം വിളിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നിപ പ്രതിരോധത്തിനാവശ്യമായ ആന്റിവൈറൽ മരുന്നുകളിൽ ഒരെണ്ണം മാത്രമാണ് ഇനി എത്താനുള്ളതെന്നും അത് ഇന്ന് വൈകുന്നേരത്തോടെ ഡൽഹിയിൽ നിന്ന് എത്തിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ നിപ വ്യാപനം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇതുവരെ നടത്തിയ എല്ലാ പരിശോധനാഫലങ്ങളും നെഗറ്റീവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ദേവസ്വം വകുപ്പിന്റെ സ്പെഷ്യൽ പ്ലീഡറായി കെ.ബി. പ്രദീപിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ മന്ത്രി മുൻനിലപാടിൽ നിന്ന് വ്യത്യസ്തമായ വിശദീകരണമാണ് നൽകിയത്. നിയമനം മന്ത്രിസഭയുടെ കൂട്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണെന്നും സ്പെഷ്യൽ പ്ലീഡറെ നിയമിച്ചത് കാബിനറ്റാണെന്നുമാണ് അദ്ദേഹത്തിന്റെ പുതിയ പ്രതികരണം. മുഖ്യമന്ത്രി നിയമിച്ചതാണെന്നായിരുന്നു മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. നിയമന വിഷയത്തിൽ താൻ ഇടപെട്ടിട്ടില്ലെന്നും നേരത്തേ അറിയിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ വകുപ്പ് ഡയറക്ടറെ മാറ്റിയത് മൂന്ന് വർഷത്തെ കാലാവധി പൂർത്തിയായതിനാലാണെന്നും മന്ത്രി വിശദീകരിച്ചു. പ്രിൻസിപ്പൽ സെക്രട്ടറിയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉദ്യോഗസ്ഥന് ചുമതല നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ചില നടപടികൾ വകുപ്പ് നേതൃത്വവുമായി ആലോചിക്കാതെയാണ് ഡയറക്ടർ സ്വീകരിച്ചതെന്നും അതും മാറ്റത്തിന് കാരണമായതായും മന്ത്രി വ്യക്തമാക്കി. സർക്കാർ സംവിധാനത്തെ മാനിച്ചായിരിക്കണം പ്രവർത്തനമെന്നും വിഷയത്തെ എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു






