
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിലുള്ള 'കാര്‍ട്രാക്ക്' കമ്പനി ഓഫീസില്‍ 29 വയസ്സുകാരിയായ ജിസിന ധ്ലാധ്ല എന്ന കോള്‍ സെന്റര്‍ ജീവനക്കാരി കുഴഞ്ഞുവീണു മരിച്ച സംഭവം രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കടുത്ത ജോലിഭാരവും കമ്പനി മാനേജ്മെന്റിന്റെ മാനസിക പീഡനവുമാണ് യുവതിയുടെ മരണത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയതോടെ വലിയ ജനരോഷമാണ് ഉയരുന്നത്. കഠിനമായ ജോലി സമ്മര്‍ദ്ദം കാരണം ജിസിന ഒട്ടേറെ മാനസികശാരീരിക ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നതായി കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തുന്നു.
മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ കടുത്ത അസുഖബാധിതയായിരുന്ന ജിസിന രണ്ടുതവണ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും കമ്പനി അവധി അനുവദിച്ചില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം. ജോലിക്ക് ഹാജരായില്ലെങ്കില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് അധികൃതര്‍ ഭീഷണിപ്പെടുത്തിയിരുന്നു. സംഭവ ദിവസം ഓഫീസിലെത്തിയ ജിസിനയ്ക്ക് അസുഖം കൂടിയിട്ടും വേദനസംഹാരി കഴിച്ച് ജോലി തുടരാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്ന് ഓഫീസിലെ ശുചിമുറിയില്‍ ജിസിന കുഴഞ്ഞുവീഴുകയായിരുന്നു. കൃത്യസമയത്ത് അടിയന്തര വൈദ്യസഹായം ലഭ്യമാക്കുന്നതില്‍ കമ്പനി മനഃപൂര്‍വ്വം വീഴ്ച വരുത്തിയെന്നും കുടുംബം ആരോപിക്കുന്നു.
എന്നാല്‍ തങ്ങള്‍ക്കെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളും കാര്‍ട്രാക്ക് കമ്പനി അധികൃതര്‍ നിഷേധിച്ചു. അസുഖം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ജിസിനയെ ജോലിയില്‍ നിന്ന് ഒഴിവാക്കിയിരുന്നുവെന്നും, വൈദ്യസഹായം ലഭ്യമാക്കാന്‍ വൈകിയിട്ടില്ലെന്നുമാണ് കമ്പനിയുടെ വാദം. എന്നാല്‍ ഈ അവകാശവാദം തള്ളി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും മരണത്തിലേക്ക് നയിച്ച യഥാര്‍ത്ഥ സാഹചര്യങ്ങള്‍ കണ്ടെത്താന്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായും ദക്ഷിണാഫ്രിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രശസ്ത സോഷ്യല്‍ മീഡിയ ക്രിയേറ്റര്‍മാര്‍ ഈ വിഷയം ഏറ്റെടുത്തതോടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ കമ്പനിയുടെ 'ടോക്സിക്' തൊഴില്‍ സംസ്കാരത്തിനെതിരെ വന്‍ ജനരോഷമാണ് ഉയരുന്നത്. കമ്പനിയിലെ കടുത്ത ജോലി സമ്മര്‍ദ്ദത്തെക്കുറിച്ച് മുന്‍ ജീവനക്കാരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ കയ്പേറിയ അനുഭവങ്ങള്‍ പങ്കുവെക്കുന്നുണ്ട്. കോര്‍പ്പറേറ്റുകളുടെ ഇത്തരം ചൂഷണങ്ങള്‍ക്കെതിരെയും ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി ശക്തമായ നിയമനിര്‍മ്മാണം നടത്തണമെന്നുമുള്ള ആവശ്യവും ഇപ്പോള്‍ ശക്തമായിട്ടുണ്ട്.






