
വര്‍ഷങ്ങളായുള്ള കോര്‍പ്പറേറ്റ് പ്രൊജക്റ്റ് മാനേജര്‍ ജോലി ഉപേക്ഷിച്ച് ഹരിയാനയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി മാറിയ ഒരു യുവാവ്, തന്റെ ആറ് മാസത്തെ അനുഭവങ്ങളില്‍ നിന്ന് പഠിച്ച ഒന്‍പത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. റെഡ്ഡിറ്റില്‍ പങ്കുവെച്ച ഈ കുറിപ്പില്‍, കോര്‍പ്പറേറ്റ് ലോകത്തെക്കാള്‍ തികച്ചും വ്യത്യസ്തവും കഠിനവുമായ ഒരു മേഖലയാണ് റിയല്‍ എസ്റ്റേറ്റ് എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ചുരുങ്ങിയ കാലയളവില്‍ നാല് വലിയ ഡീലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞെങ്കിലും, ഈ രംഗത്തെ അണിയറക്കഥകള്‍ തന്നെ ഏറെ അത്ഭുതപ്പെടുത്തിയെന്ന് അദ്ദേഹം പറയുന്നു.
ഈ മേഖലയില്‍ താന്‍ നേരിട്ട ഏറ്റവും വലിയ യാഥാര്‍ത്ഥ്യം ആളുകള്‍ക്ക് ബ്രോക്കറേജ് അല്ലെങ്കില്‍ സര്‍വീസ് ചാര്‍ജ് നല്‍കാനുള്ള മടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഒരു ബ്രോക്കര്‍ ഇടപെട്ട് ഒരു കോടി രൂപയുടെ പ്രോപ്പര്‍ട്ടി 95 ലക്ഷത്തിന് വാങ്ങിച്ച് കൊടുത്ത്, ഉപഭോക്താവിന് 5 ലക്ഷം രൂപ ലാഭമുണ്ടാക്കിയാല്‍ പോലും അതില്‍ നിന്നും ഒരു ലക്ഷം രൂപ ബ്രോക്കറേജ് ചോദിച്ചാല്‍ ആളുകള്‍ക്ക് വലിയ വിഷമമാണ്. വസ്തുവിന് വേണ്ടി ലക്ഷങ്ങള്‍ മുടക്കാന്‍ മടിക്കാത്തവര്‍, അതിന് സഹായിച്ച വ്യക്തിക്ക് അര്‍ഹമായ പ്രതിഫലം നല്കാന് മടിക്കുന്നു. കൂടാതെ, റിയല്‍ എസ്റ്റേറ്റില്‍ വലിയ ലാഭമുണ്ടാകുന്നത് കേവലം ബ്രോക്കറേജ് വഴിയല്ല, മറിച്ച് കുറഞ്ഞ വിലയുള്ള വസ്തുക്കള്‍ മുന്‍കൂട്ടി കണ്ടെത്തി രജിസ്ട്രേഷന് മുന്‍പ് തന്നെ മറിച്ചു വില്ക്കുമ്പോഴാണെന്നും ഇതിന് നല്ല ധൈര്യവും അനുഭവസമ്പത്തും വേണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
വാക്കാലുള്ള ഉറപ്പുകള്‍ക്ക് റിയല്‍ എസ്റ്റേറ്റ് രംഗത്ത് യാതൊരു വിലയുമില്ലെന്നാണ് മറ്റൊരു പ്രധാന കണ്ടെത്തല്‍. മാതാപിതാക്കളുടെ എതിര്‍പ്പ് അല്ലെങ്കില്‍ പെട്ടെന്നുണ്ടായ മനമാറ്റം തുടങ്ങിയ കാരണങ്ങള്‍ പറഞ്ഞ് മുന്‍കൂര്‍ പണം വരെ ആളുകള്‍ ആഴ്ചകള്‍ക്ക് ശേഷം തിരികെ വാങ്ങാറുണ്ട്. അതുകൊണ്ടുതന്നെ കൃത്യമായ രേഖകളും മികച്ച നെറ്റ്വര്‍ക്കിംഗും ഈ രംഗത്ത് അത്യാവശ്യമാണ്. 'സിസ്റ്റം സുഗമമായി ചലിപ്പിക്കാന്‍' അഴിമതി ഇവിടെ ഒരു ഇന്ധനമായി മാറുന്നുവെന്ന ഞെട്ടിക്കുന്ന സത്യവും അദ്ദേഹം തുറന്നുപറയുന്നു. ഉദാഹരണത്തിന്, ഒരു മാപ്പ് പാസാക്കാന്‍ ഔദ്യോഗിക ഫീസ് 27,000 രൂപയാണെങ്കില്‍, അടുത്ത തവണയും സര്‍ക്കാര്‍ ജീവനക്കാരന് നിങ്ങളെ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ അവിടെ 30,000 രൂപ നല്‍കേണ്ടി വരുന്ന അവസ്ഥയുണ്ടെന്ന് അദ്ദേഹം കുറിച്ചു.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ഇന്ത്യയില്‍ ആളുകള്‍ അതിവേഗം സമ്പന്നരായി മാറിയിട്ടുണ്ടെന്നതാണ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം. വളരെ സാധാരണമായ അയല്പക്കങ്ങളില് പോലും 50 മുതല്‍ 100 കോടി വരെ ആസ്തിയുള്ള വ്യക്തികളെ കാണാന്‍ സാധിക്കും. എന്നാല്‍ ഇത്രയൊക്കെ പരിചയസമ്പത്തും കോടിക്കണക്കിന് രൂപ കൈവശവുമുള്ള വന്‍കിട നിക്ഷേപകര്‍ക്ക് പോലും ചില സമയങ്ങളില്‍ ഭാവി പ്രവചിക്കാന്‍ കഴിയാറില്ലെന്നും, അവര്‍ എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ മൂലം വലിയ നഷ്ടം സംഭവിക്കാറുണ്ടെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ അനുഭവക്കുറിപ്പ് അവസാനിപ്പിക്കുന്നത്.






