
ബിഎംഡബ്ല്യു മോട്ടോറാഡ് (BMW Motorrad) അടുത്തിടെ പുറത്തിറക്കിയ F 450 GSയുടെ ഡെലിവറി തുടങ്ങുന്നതിന് മുമ്പേ F 450 GS മോഡലിനായുള്ള ബുക്കിംഗ് നിര്‍ത്തിവെച്ചിരിക്കുകയാണെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബിഎംഡബ്ല്യു 450 GS അഡ്വഞ്ചര്‍ ബൈക്കിന് അന്യായ ഡിമാന്റ് ലഭിച്ചുകൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി താത്ക്കാലികമായി ബുക്കിംഗ് നിര്‍ത്തിവെച്ചിരിക്കുന്നതെന്നാണ് ബൈക്ക്വാലെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഇന്ത്യയിലേക്ക് അനുവദിച്ച ആദ്യത്തെ കുറച്ച് ബാച്ചുകള്‍ ഇതിനകം തന്നെ പൂര്‍ണമായും വിറ്റഴിഞ്ഞിട്ടുണ്ട്. അതിനാല്‍ നിലവില്‍ ഈ ഡെലിവറികള്‍ പൂര്‍ത്തിയാക്കുന്നതിനാവും ബ്രാന്‍ഡ് മുന്‍ഗണ കൊടുക്കുക. തുടര്‍ന്ന് അടുത്ത ബുക്കിംഗ് വിന്‍ഡോ 2026 സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഡിസംബര്‍ വരെ ബൈക്ക് ബുക്ക് ചെയ്ത ഉപഭോക്താക്കള്‍ക്ക് അടുത്ത മാസം മുതല്‍ F 450 GS ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ബേസിക്, എക്സ്ക്ല്യൂസീവ്, ജിഎസ് ട്രോഫി എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ വിപണിയിലെത്തുന്ന ബിഎംഡബ്ല്യു F 450 GS അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് യഥാക്രമം 4.70 ലക്ഷം, 4.90 ലക്ഷം, 5.30 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില വരുന്നത്. 450 സിസി ട്വിന്‍-സിലിണ്ടര്‍ എഞ്ചിനാണ് ബൈക്കിന് തുടിപ്പേകാന്‍ എത്തുന്നത്. സ്ലിപ്പര്‍ അസിസ്റ്റ് ക്ലച്ചുള്ള 6-സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിന് 48 bhp കരുത്തില്‍ പരമാവധി 43 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്. അതേസമയം ദൈനംദിന റൈഡിംഗിനും ടൂറിംഗിനും വേണ്ടിയുള്ള ശക്തമായ പെര്‍ഫോമന്‍സും നല്കാന് ഈ 450 സിസി ട്വിന്‍-സിലിണ്ടര്‍ എഞ്ചിനാവും. ഈ എഞ്ചിന് സവിശേഷമായ 135-ഡിഗ്രി ഫയറിംഗ് ഓര്‍ഡര്‍ ഉണ്ടെന്നും കമ്പനി പറയുന്നു.
ക്ലച്ച് ഉപയോഗിക്കാതെ തന്നെ വേഗത്തിലുള്ള അപ്ഷിഫ്റ്റുകള്‍ക്കും ഡൗണ്ഷിഫ്റ്റുകള്ക്കുമായ ഷിഫ്റ്റ് അസിസ്റ്റന്റ് പ്രോ എന്നറിയപ്പെടുന്ന ക്വിക്ക്ഷിഫ്റ്ററും മോഡലില്‍ കൊടുത്തിട്ടുണ്ട്. കണക്റ്റിവിറ്റി സവിശേഷതകളാല്‍ നിറഞ്ഞ 6.5 ഇഞ്ച് TFT ഡിസ്പ്ലേയും മോഡലിലുണ്ട്. ബേസിക് വേരിയന്റില്‍ റെയിന്‍, റോഡ്, എന്‍ഡ്യൂറോ എന്നീ മൂന്ന് റൈഡ് മോഡുകള്‍ ലഭിക്കുമ്പോള്‍ മറ്റ് ട്രിമ്മുകളില്‍ എന്‍ഡ്യൂറോ പ്രോ മോഡും ലഭിക്കും.
ഡൈനാമിക് ട്രാക്ഷന്‍ കണ്ട്രോള് (DTC), ABS പ്രോ, ഡൈനാമിക് ബ്രേക്ക് കണ്ട്രോള് (DBC), എഞ്ചിന് ഡ്രാഗ് ടോര്‍ക്ക് കണ്ട്രോള് (MSR) എന്നിവയുള്‍പ്പെടെ സമഗ്രമായ ഇലക്ട്രോണിക്സ് സ്യൂട്ടാണ് മോട്ടോര്‍സൈക്കിളില്‍ ഒരുക്കിവെച്ചിട്ടുള്ളത്. റെയിന്‍, റോഡ്, എന്‍ഡ്യൂറോ തുടങ്ങിയ ഒന്നിലധികം റൈഡിംഗ് മോഡുകളും പുതിയ ബേബി ജിഎസില്‍ വാഗ്ദാനം ചെയ്യും. നാവിഗേഷന്‍, കണക്റ്റഡ് സവിശേഷതകള്‍, ഓട്ടോമാറ്റിക്, മാനുവല്‍ ക്ലച്ച് പ്രവര്‍ത്തനം അനുവദിക്കുന്ന ബിഎംഡബ്ല്യുവിന്റെ ഈസി റൈഡ് ക്ലച്ച് (ERC) സിസ്റ്റം എന്നിവയുള്ള 6.5 ഇഞ്ച് TFT ഡിസ്പ്ലേയാണ് മറ്റൊരു സവിശേഷത.






