
പ്രായം കേവലം അക്കങ്ങള്‍ മാത്രമാണെന്നും സ്വപ്നങ്ങള്‍ കീഴടക്കാന്‍ അത് ഒന്നിനും ഒരു തടസ്സമല്ലെന്നും തെളിയിച്ചിരിക്കുകയാണ് ഒരു 73-കാരി. രൂപാലി ജന്ബന്ധു എന്ന യുവതി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച തന്റെ അമ്മയുടെ ആദ്യ സ്കൈഡൈവിംഗ് വീഡിയോയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. '73-ാം വയസ്സിലും പറക്കാനുള്ള യോഗ്യതയുണ്ട്, അമ്മയെ ഓര്‍ത്ത് ഒരുപാട് അഭിമാനിക്കുന്നു' എന്ന കുറിപ്പോടെയാണ് രൂപാലി ഈ ദൃശ്യങ്ങള്‍ പങ്കുവെച്ചത്. മകള്‍ സ്കൈഡൈവിംഗ് ചെയ്യുന്ന വീഡിയോ കൗതുകത്തോടെ നോക്കിക്കണ്ട അമ്മ, തനിക്കും ഇത് ചെയ്യാന്‍ സാധിക്കുമോ എന്ന് ചോദിച്ച ലളിതമായ നിമിഷത്തില്‍ നിന്നാണ് ഈ സാഹസിക യാത്രയുടെ തുടക്കം.
വെറുമൊരു കൗതുകത്തിന് ചോദിച്ചതാണെങ്കിലും അമ്മയുടെ മനസ്സിലെ ആഗ്രഹം തിരിച്ചറിഞ്ഞ മകള്‍ അത് യാഥാര്‍ത്ഥ്യമാക്കാന്‍ തന്നെ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് അമ്മയെ സ്കൈഡൈവിംഗിനായി കൊണ്ടുപോകുകയും ആവശ്യമായ സുരക്ഷാ ഗിയറുകളും തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കി അവര്‍ ആകാശത്തുനിന്ന് ധൈര്യപൂര്‍വ്വം താഴേക്ക് ചാടുകയും ചെയ്തു. വിജയകരമായ ലാന്‍ഡിംഗിന് ശേഷം ആ അമ്മയുടെ മുഖത്തുണ്ടായ സംതൃപ്തിയും ആവേശവും, ഈ അനുഭവം അവര്‍ക്ക് എത്രമാത്രം വിലപ്പെട്ടതായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു.
സോഷ്യല്‍ മീഡിയയില്‍ വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ പ്രായത്തെ തോല്‍പ്പിച്ച അമ്മയ്ക്കും അവരുടെ ആഗ്രഹത്തിന് കൂട്ടുനിന്ന മകള്‍ക്കും വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 'അമ്മമാര്‍ സഹിച്ച ത്യാഗങ്ങളെ ഓര്‍ത്ത് അവരെ സ്നേഹിക്കുന്നു എന്ന് പറയുന്നതിനേക്കാള്‍, അവരുടെ സ്വപ്നങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കുകയാണ് വേണ്ടത്; നമുക്ക് ഒരു ജീവിതമേയുള്ളൂ, അവരും ജീവിക്കട്ടെ' എന്നായിരുന്നു വീഡിയോയ്ക്ക് താഴെ വന്ന ഒരു പ്രധാന കമന്റ്. ഈ പ്രായത്തിലും സ്വന്തം ഇഷ്ടങ്ങള്‍ക്ക് പ്രാധാന്യം നല്കി ധൈര്യപൂര്‍വ്വം മുന്നോട്ടുവന്ന ഈ അമ്മ പലര്‍ക്കും ഒരു വലിയ പ്രചോദനമാണെന്ന് സോഷ്യല്‍ മീഡിയ ഒന്നടങ്കം അടിവരയിടുന്നു.






