
മുംബൈ: പശ്ചിമ ബംഗാളിലെ രാഷ്ട്രീയ പ്രതിസന്ധികൾക്ക് പിന്നാലെ മഹാരാഷ്ട്രയിലും ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) ഔദ്യോഗിക വിഭാഗത്തിൽ പിളർപ്പ് ഉറപ്പായി. പാർട്ടിയിലെ ഒമ്പത് ലോക്‌സഭാ എംപിമാരിൽ ആറ് പേരും വ്യാഴാഴ്ച ചേർന്ന നിർണ്ണായക പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് വിട്ടുനിന്നു. ഇവർ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയായ ശിവസേനയിൽ ചേരാൻ ഒരുങ്ങുന്നതായാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്നുള്ള സൂചന.
അരവിന്ദ് സാവന്ത്, അനിൽ ദേശായി, രാജാഭൗ വാജെ എന്നീ മൂന്ന് ലോക്‌സഭാ എംപിമാരും രാജ്യസഭാ എംപിയായ സഞ്ജയ് റാവത്തും മാത്രമാണ് ഉദ്ധവ് പക്ഷത്തിന്റെ യോഗത്തിൽ പങ്കെടുത്തത്. നാഗേഷ് അഷ്ടിക്കർ, സഞ്ജയ് ദേശ്മുഖ്, സഞ്ജയ് ജാദവ്, സഞ്ജയ് ദിനാ പാട്ടീൽ, ഓംപ്രകാശ് രാജെനിംബാൽക്കർ, ഭാവുസാഹേബ് വക്ചൗരെ എന്നീ ആറ് എംപിമാരുടെ അസാന്നിധ്യമാണ് പാർട്ടിയിലെ പുതിയ പിളർപ്പിന്റെ സൂചനകൾ ശക്തമാക്കിയത്.






