
അഹമ്മദാബാദ്: ഗുജറാത്തിൽ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 4.26 കോടി രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി.ദുബായിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ടോയ്ലറ്റിലെ സ്പീക്കർ ബോക്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ ബിസ്കറ്റുകൾ കണ്ടെത്തിയത്.
വിമാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരും വിമാന എഞ്ചിനീയർമാരും ചേർന്ന് നടത്തിയ പരിശോധനയിലാണ് വിമാനത്തിന്റെ മുൻവശത്തെ ശുചിമുറിയിലെ സ്പീക്കർ ബോക്സിനുള്ളിൽ കറുത്ത പ്ലാസ്റ്റിക് ടേപ്പ് കൊണ്ട് പൊതിഞ്ഞ നിലയിൽ രണ്ടു പൗച്ചുകൾ കണ്ടെത്തിയത്. ഇവ പരിശോധിച്ച ഉദ്യോഗസ്ഥർ ആകെ 2,799.3 ഗ്രാം തൂക്കം വരുന്ന 24 വിദേശ സ്വർണ്ണ ബിസ്കറ്റുകൾ കണ്ടെടുത്തു.
സ്വർണത്തിനവകാശവാദമുന്നയിച്ച് യാത്രക്കാരോ ക്രൂ അംഗങ്ങളോ മുമ്പോട്ട് വരാത്ത സാഹചര്യത്തിൽ കസ്റ്റംസ് നിയമപ്രകാരം ഇവ അവകാശികളില്ലാത്ത സ്വർണമായി കണക്കാക്കും. സംഭവത്തിൽ വിശദാന്വേഷണം നടന്നുവരികയാണെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.






