
പുതുക്കിയെടുത്ത പാസ്പോര്‍ട്ടിന്റെ മുന്കവറിലെ ചെറിയൊരു സ്വര്‍ണ്ണ ചതുര ചിഹ്നം കണ്ട് കൗതുകം തോന്നിയ പൂജ എന്ന എക്സ് ഉപയോക്താവിന്റെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത്. മുന്‍പുണ്ടായിരുന്ന പാസ്പോര്ട്ടില് ഇല്ലാതിരുന്ന ഈ മാറ്റം എന്താണെന്ന് മനസ്സിലാകാതെയാണ് അവര്‍ പോസ്റ്റിട്ടത്. ഇത് പുതിയ സുരക്ഷാ ഫീച്ചറാണോ, രഹസ്യ ട്രാക്കിംഗ് ഉപകരണമാണോ, അതോ അതിര്‍ത്തികളില്‍ പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഒന്നാണോ എന്നായിരുന്നു പൂജയുടെ പ്രധാന സംശയം.
പരിചയസമ്പന്നരായ യാത്രക്കാരും സാങ്കേതിക വിദഗ്ദ്ധരും ഇതിന്റെ ചുരുളഴിക്കാന്‍ മുന്നോട്ടുവന്നതോടെയാണ് പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടത്. ഈ സ്വര്‍ണ്ണ ചതുരം അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട ബയോമെട്രിക് ചിഹ്നമാണെന്നും, ഇത് പാസ്പോര്ട്ടിനുള്ളില് ഒരു മൈക്രോചിപ്പ് അടങ്ങിയിരിക്കുന്നുവെന്നതിന്റെ സൂചനയാണെന്നും പലരും കമന്റുകളിലൂടെ വ്യക്തമാക്കി. പഴയ പാസ്പോര്ട്ടുകള് പരമ്പരാഗതമായ നോണ്ഇലക്ട്രോണിക് പതിപ്പുകള്‍ ആയിരുന്നതിനാലാണ് അവയില്‍ ഈ ചിഹ്നം ഇല്ലാതിരുന്നതെന്നും യാത്രക്കാര്‍ വിശദീകരിച്ചു.
അതിര്‍ത്തി നിയന്ത്രണ കേന്ദ്രങ്ങളില്‍ യാത്രാവിവരങ്ങള്‍ ഡിജിറ്റലായി കൈമാറുന്നതിനും അവയുടെ ആധികാരികത പരിശോധിക്കുന്നതിനുമായി ഇതില്‍ ഒരു NFC അല്ലെങ്കില്‍ RFID ചിപ്പ് ഉപയോഗിക്കുന്നുവെന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടി. ആധുനികവല്‍ക്കരിക്കുന്നതിന്റെയും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെയും ഭാഗമായാണ് ഈ മാറ്റം കൊണ്ടുവന്നിട്ടുള്ളതെന്നും, ഡിജിറ്റല്‍ സൗകര്യങ്ങളുള്ള ഇത്തരം മെഷീന് റീഡബിള്‍ ഡോക്യുമെന്റുകള്‍ ഇപ്പോള്‍ ആഗോളതലത്തില്‍ തന്നെ മാനദണ്ഡമായി മാറിയിരിക്കുകയാണെന്നും പ്രതികരണങ്ങളില്‍ ആളുകള്‍ കൂട്ടിച്ചേര്‍ത്തു.
I just got my passport renewed
and noticed this strange little rectangle at the bottom
The funny thing is, my old passport never had it.
I kept staring at it for a while, wondering what it was
Is it a new security feature ?
Some kind of hidden tracking code ?
Or something… pic.twitter.com/J7nh1Y4M3y— Pooja (@poojaofficial5) June 12, 2026






