
രാജ്യത്തെ പ്രീമിയം ട്രെയിന്‍ സര്‍വീസുകളുടെ പരിപാലന നിലവാരത്തെ ചോദ്യം ചെയ്ത് ഹൗറന്യൂ ജല്‍പായ്ഗുരി ശതാബ്ദി എക്സ്പ്രസിനുള്ളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ട്രെയിനിന്റെ മേല്‍ക്കൂരയില്‍ നിന്ന് മഴവെള്ളം സീറ്റുകളിലേക്ക് ചോര്‍ന്നൊലിച്ചതിനെ തുടര്‍ന്ന് പ്രകോപിതനായ ഒരു യാത്രക്കാരന് റെയില്‍വേ ഉദ്യോഗസ്ഥനെ പരസ്യമായി ചോദ്യം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ഇന്ത്യന്‍ റെയില്‍വേയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയ ഈ സംഭവം പ്രീമിയം ട്രെയിനുകളിലെ യാത്രക്കാരുടെ സുരക്ഷയെയും സൗകര്യങ്ങളെയും കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
ഉയര്‍ന്ന ടിക്കറ്റ് നിരക്ക് ഈടാക്കുന്ന ലക്ഷ്വറി ട്രെയിനുകളില്‍ ഇതാണോ യാത്രക്കാര്‍ക്ക് നല്കുന്ന സേവനമെന്ന് ചോദിച്ചായിരുന്നു യാത്രക്കാരന്റെ പ്രതിഷേധം. ട്രെയിനിലെ സി6 (C6) കോച്ചില്‍ 70, 71, 72 എന്നീ സീറ്റുകള്‍ക്ക് മുകളിലാണ് ചോര്‍ച്ചയുണ്ടായത്. പ്രശ്നം ഉടന്‍ പരിഹരിക്കാമെന്ന് ഉദ്യോഗസ്ഥന് ഉറപ്പ് നല്കാന് ശ്രമിച്ചെങ്കിലും, റെയില്‍വേയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയ്ക്ക് കൃത്യമായ മറുപടി വേണമെന്ന് യാത്രികന് നിര്‍ബന്ധം പിടിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥന് വയര്‍ലെസ് സെറ്റിലൂടെ മറ്റ് ജീവനക്കാരെ വിളിച്ച് അടിയന്തരമായി ചോര്‍ച്ച അടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതും വീഡിയോയില്‍ കാണാം.
രാജ്യത്തെ ഏറ്റവും മികച്ചതും വിശ്വസനീയവുമായ ട്രെയിന്‍ സര്‍വീസുകളിലൊന്നായ ശതാബ്ദി എക്സ്പ്രസില്‍ ഇത്തരമൊരു സംഭവം ഉണ്ടായതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വിമര്‍ശനമാണ് ഉയരുന്നത്. വലിയ തുക നല്കി യാത്ര ചെയ്യുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഉറപ്പാക്കാന്‍ റെയില്‍വേയ്ക്ക് കഴിയുന്നില്ലെന്ന് പലരും കുറ്റപ്പെടുത്തി. അതേസമയം, യാത്രക്കാരന്റെ പരാതി ന്യായമാണെങ്കിലും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനോട് ഇതിലും മാന്യമായ രീതിയില്‍ സംസാരിക്കാമായിരുന്നു എന്ന അഭിപ്രായവുമായി ഒരു വിഭാഗം ആളുകളും രംഗത്തെത്തിയിട്ടുണ്ട്.






