
നീസ് (ഫ്രാൻസ്): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാൻസ് സന്ദർശനത്തിന്റെ ഹൈലൈറ്റുകൾ പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ തരംഗമാകുന്നു. പ്രശസ്ത ബോളിവുഡ് ചിത്രമായ 'ധുരന്ധറി'ലെ 'ആരി ആരി' എന്ന ഹിറ്റ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് മാക്രോൺ ഈ റീക്യാപ്പ് വീഡിയോ എക്സിലും (ട്വിറ്റർ) ഇൻസ്റ്റാഗ്രാമിലും പോസ്റ്റ് ചെയ്തത്.
നയതന്ത്ര ബന്ധങ്ങൾക്ക് ബോളിവുഡ് ടച്ച് നൽകിയ ഫ്രഞ്ച് പ്രസിഡന്റിന്റെ നീക്കത്തെ സോഷ്യൽ മീഡിയ കൈയടികളോടെയാണ് സ്വീകരിച്ചത്. ഫ്രാൻസിലെ നീസ് നഗരത്തിൽ വെച്ച് നടന്ന ഉഭയകക്ഷി ചർച്ചകളുടെയും, ഇരു നേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്ത 'ഭാരത് ഇന്നവേറ്റ്സ് 2026' കോൺക്ലേവിന്റെയും പ്രധാന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇരു നേതാക്കളും പരസ്പരം കൈകൊടുക്കുന്നതും കെട്ടിപ്പിടിക്കുന്നതുമായ ദൃശ്യങ്ങളോടെയാണ് വീഡിയോ ആരംഭിക്കുന്നത്. സാങ്കേതികവിദ്യ, നവീകരണം, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി പങ്കാളിത്തം എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ വീഡിയോയിൽ കാണാം.
ഫ്രാൻസിൽ നടന്ന ആഗോള എഐ ഉച്ചകോടിയിലും ഭാരത് ഇന്നവേറ്റ്സ് കോൺക്ലേവിലും പങ്കെടുത്ത പ്രധാനമന്ത്രി മോദിക്കുള്ള സിനിമാറ്റിക് ശൈലിയിലുള്ള ഒരു 'താങ്ക് യു' സന്ദേശമായാണ് മാക്രോൺ ഈ വീഡിയോ പങ്കുവെച്ചത്. മാക്രോണിന്റെ പോസ്റ്റിന് മറുപടിയുമായി പ്രധാനമന്ത്രി മോദിയും രംഗത്തെത്തി. ഫ്രഞ്ച് പ്രസിഡന്റിന് നന്ദി അറിയിച്ച അദ്ദേഹം, സാങ്കേതികവിദ്യ, നവീകരണം, വളർന്നുവരുന്ന മറ്റ് വ്യവസായ മേഖലകൾ എന്നിവയിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് മുന്നോട്ട് പോകുമെന്ന് വ്യക്തമാക്കി. ഫ്രഞ്ച് ഭാഷയിലാണ് മോദി തന്റെ എക്സ് പോസ്റ്റ് പങ്കുവെച്ചത്.
ഫ്രഞ്ച് പ്രസിഡന്റ് 'ധുരന്ധർ' സിനിമയിലെ ഗാനങ്ങൾ തന്റെ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുന്നത് ഇതാദ്യമല്ല. ഈ വർഷം ആദ്യം തന്റെ ഇന്ത്യൻ സന്ദർശനത്തിന് ശേഷമുള്ള യാത്രാവിശേഷങ്ങൾ പങ്കുവെച്ചപ്പോഴും ഇതേ ചിത്രത്തിലെ സംഗീതം അദ്ദേഹം ഉൾപ്പെടുത്തിയിരുന്നു. നീസ് നഗരത്തിലെ വില്ല കെറിലോസിലാണ് മോദിയും മാക്രോണും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾ നടന്നത്. ഇരുരാജ്യങ്ങളും തങ്ങളുടെ നയതന്ത്രബന്ധം 'സ്പെഷ്യൽ ഗ്ലോബൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്' എന്ന പദവിയിലേക്ക് ഉയർത്തിയ ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. പ്രതിരോധ സഹകരണം, ബഹിരാകാശ ഗവേഷണം, ആണവോർജ്ജം, സാങ്കേതികവിദ്യ, നവീകരണം തുടങ്ങിയ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കാൻ ചർച്ചയിൽ തീരുമാനമായി.






