
ഡല്‍ഹിയിലെ തെരുവില്‍ പേന വില്‍ക്കുന്ന പ്രായമായ ഒരു വൃദ്ധയ്ക്ക് സാമ്പത്തിക സഹായം നല്കി ഒരുകൂട്ടം ആളുകളുടെ ഹൃദയം കവര്‍ന്നിരിക്കുകയാണ് ഒരു അമേരിക്കന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍. കടുത്ത ചൂടിലും ജീവിതമാര്‍ഗ്ഗത്തിനായി കഷ്ടപ്പെടുന്ന ഈ വയോധികയെ സഹായിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചതോടെയാണ് സംഭവം ലോകശ്രദ്ധ നേടിയത്. പ്രായത്തിന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ അവഗണിച്ചും തെരുവില്‍ പേന വില്ക്കാന് ഇരിക്കേണ്ടി വന്ന അവരുടെ അവസ്ഥ ഇന്ഫ്ലുവന്സറുടെയും സുഹൃത്തുക്കളുടെയും ശ്രദ്ധയില്‍പ്പെടുകയായിരുന്നു.
വെറും പത്ത് രൂപയ്ക്ക് പേന വില്‍ക്കുന്ന വൃദ്ധയുടെ അരികിലെത്തിയ വിദേശി സംഘം അവരോട് സംസാരിക്കുകയും കയ്യിലുള്ള മുഴുവന്‍ പേനകളും വാങ്ങാന്‍ തയ്യാറാവുകയുമായിരുന്നു. പേനകള്‍ക്ക് പുറമെ അവര്‍ക്ക് വലിയൊരു തുക സാമ്പത്തിക സഹായമായി നല്‍കാനും അവര്‍ മറന്നില്ല. തികച്ചും അപ്രതീക്ഷിതമായി ലഭിച്ച ഈ സഹായം കണ്ട് വൃദ്ധയുടെ കണ്ണുകള്‍ നിറയുന്നതും, നിറഞ്ഞ സന്തോഷത്തോടെ അവര്‍ ആ യുവാവിനെ കെട്ടിപ്പിടിച്ച് നന്ദി പറയുന്നതും വീഡിയോയില്‍ കാണാം.
സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്. ഇന്‍ഫ്ലുവന്‍സറുടെ ഈ കാരുണ്യപ്രവൃത്തിയെ പ്രകീര്‍ത്തിച്ച് ലോകമെമ്പാടുമുള്ള നിരവധി പേര് കമന്റുകളുമായി രംഗത്തെത്തി. മനുഷ്യത്വത്തിന് അതിര്‍വരമ്പുകളില്ലെന്ന് തെളിയിക്കുന്നതാണ് ഈ സംഭവമെന്നും, കഷ്ടപ്പെടുന്ന പ്രായമായവരെ സഹായിക്കാന്‍ ഇത്തരം വിദേശികള്‍ കാണിക്കുന്ന മനസ്സ് എല്ലാവര്ക്കും മാതൃകയാണെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.






