
ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഒരു സ്വിമ്മിങ് പൂള് നടത്തുന്ന വ്യക്തിക്ക് ഒരു മാസം 22.5 ലക്ഷം രൂപ വരുമാനമുണ്ടെന്ന അവകാശവാദവുമായി എക്സില്‍ പ്രത്യക്ഷപ്പെട്ട ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുന്നത്. മീററ്റില്‍ ദേശീയപാത 58-ന് സമീപം ഫാം ഹൗസുള്ള സുഹൃത്തിന്റെ സീസണല്‍ ബിസിനസ്സിനെക്കുറിച്ച് പൂജ എന്ന കണ്ടെന്റ് ക്രിയേറ്ററാണ് എക്സില്‍ വിവരങ്ങള്‍ പങ്കുവെച്ചത്. സ്വന്തം സ്ഥലത്തായതിനാല്‍ വാടകയിനത്തില്‍ ചിലവില്ലെന്നും 20,000 രൂപ ആകെ ശമ്പളം വരുന്ന രണ്ട് സെക്യൂരിറ്റി ജീവനക്കാര്‍ മാത്രമാണ് ഇവിടെയുള്ളതെന്നും പോസ്റ്റിലുണ്ട്.
വേനല്‍ക്കാല അവധി ദിവസങ്ങളില്‍ ദിവസേന 700 മുതല്‍ 800 വരെ ആളുകള്‍ ഈ സ്വിമ്മിംഗ് പൂള് സന്ദര്‍ശിക്കാറുണ്ടെന്ന് പോസ്റ്റില്‍ പറയുന്നു. ശരാശരി 750 പേര് എത്തുന്നു എന്ന് കണക്കാക്കിയാല്‍ ഒരാള്‍ക്ക് 100 രൂപ പ്രവേശന ഫീസ് നിരക്കില്‍ ദിവസവും 75,000 രൂപ വരുമാനം ലഭിക്കും. ഇത് ഒരു മാസത്തേക്ക് കണക്കുകൂട്ടുമ്പോള്‍ 22.5 ലക്ഷം രൂപയാകും. ഓഫ്സീസണില്‍ ദിവസവും 250 ഓളം ആളുകള്‍ എത്താറുണ്ടെന്നും അതുവഴി പ്രതിദിനം 25,000 രൂപയും പ്രതിമാസം ഏകദേശം 7.5 ലക്ഷം രൂപയും വരുമാനം ലഭിക്കുന്നുണ്ടെന്നും ക്രിയേറ്റര്‍ അവകാശപ്പെടുന്നു.
പൂളിലെ വെള്ളം മാറ്റുന്ന സമയത്ത് അത് ഒഴുക്കിക്കളയാതെ കൃഷിക്കായി പ്രദേശത്തെ കര്‍ഷകര്‍ക്ക് വില്‍ക്കുകയാണ് സുഹൃത്ത് ചെയ്യുന്നത്. ഒരേ വെള്ളം ഉപയോഗിച്ച് ആദ്യം നീന്തലിലൂടെയും പിന്നീട് കാര്‍ഷിക ആവശ്യത്തിലൂടെയും വരുമാനമുണ്ടാക്കുന്നുവെന്നതാണ് ബിസിനസ്സിന്റെ പ്രധാന സവിശേഷതയായി ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഈ പോസ്റ്റിന് അനുകൂലമായും പ്രതികൂലമായും നിരവധി പ്രതികരണങ്ങളാണ് വരുന്നത്. ഒരേ അസറ്റില്‍ നിന്ന് ഒന്നിലധികം രീതിയില്‍ വരുമാനമുണ്ടാക്കുന്ന മികച്ച ബിസിനസ്സ് മോഡലാണിതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെട്ടു.
അതേസമയം, മെയിന്റനന്‍സ് അടക്കമുള്ള കൃത്യമായ ചിലവുകള്‍ കൂടി കണക്കിലെടുത്താല്‍ മാത്രമേ യഥാര്‍ത്ഥ ലാഭം വ്യക്തമാകൂ എന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. നഗരത്തിന് പുറത്തുള്ള ഒരു ഫാം ഹൗസിലെ സ്വിമ്മിംഗ് പൂളിലേക്ക് ദിവസവും 750-ലധികം ആളുകള്‍ വരുന്നു എന്ന അവകാശവാദത്തെയും പലരും സംശയത്തോടെയാണ് കാണുന്നത്. ക്ലോറിനും മറ്റ് രാസവസ്തുക്കളും അടങ്ങിയ സ്വിമ്മിംഗ് പൂളിലെ വെള്ളം കൃഷിയെ ദോഷകരമായി ബാധിക്കുമെന്നും, അതിനാല്‍ വെള്ളം കര്‍ഷകര്‍ക്ക് വില്‍ക്കുന്നു എന്ന വാദം കെട്ടിച്ചമച്ചതാണെന്നും എക്സ് ഉപയോക്താക്കളില്‍ ചിലര്‍ വിമര്‍ശിക്കുന്നു.






