
കൊല്ലം: യുഡിഎഫ് സർക്കാരിന്റെ അഭിമാന പദ്ധതിയായ പ്രിയദർശിനി സൗജന്യ യാത്രയുടെ ഉദ്ഘാടന യാത്രയിൽ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂടു പായസം മറിഞ്ഞു. ഉദ്ഘാടന ബസിനുള്ളില്‍ പായസക്കപ്പുമായി നിന്ന ആരുടെയോ കൈയില്‍നിന്ന് അബദ്ധത്തില്‍ മന്ത്രിയുടെ തലയിലേക്ക് പായസം മറിഞ്ഞു വീഴുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
പദ്ധതിയുടെ ഉദ്ഘാടനത്തിനു ശേഷം കൊല്ലം ഡിപ്പോയിൽ നിന്ന് ബസിൽ യാത്രചെയ്യുമ്പോഴാണ് സംഭവം നടന്നത്. കൊല്ലത്ത് യൂത്ത്കോൺഗ്രസിന്റെ നേതൃത്വത്തിൽ പായസവിതരണം നടത്തിയിരുന്നു. ബസിൽ പായസം വിതരണം ചെയ്യുമ്പോഴാണ് മന്ത്രിയുടെ തലയിൽ ചൂടുപായസം വീണത്. ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ മുഖവും തലയും തുടച്ചു. സംഭവത്തിൽ മന്ത്രിക്ക് ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ വലിയ രീതിയിൽ ഉണ്ടായിട്ടില്ല എന്നാണ് വിവരം. തുടർന്ന് മന്ത്രി കുറച്ചുദൂരം യാത്രചെയ്ത് മടങ്ങുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ, ബസിനുള്ളിൽ വലിയ തിക്കും തിരക്കും അനുഭവപ്പെട്ടതിനാൽ പായസം നിറച്ച പാത്രം മന്ത്രിയുടെ മേൽ മറിയുകയായിരുന്നു എന്നാണ് യൂത്ത്കോൺഗ്രസ് നൽകുന്ന വിവരം.






