
രാജ്ഗഡ്: ദിവസത്തോളം തൂണില്‍ ചങ്ങലയിട്ട് പൂട്ടിയിടുകയും പഴുപ്പിച്ച ഇരുമ്പഴിക്കൊണ്ട് ശരീരമാസകലം പൊള്ളിക്കുകയും ചെയ്ത ക്രൂരതയില്‍ നിന്നും അതിസാഹസികമായി രക്ഷപ്പെട്ട് യുവതി. മധ്യപ്രദേശ് സ്വദേശിനിയായ യുവതി, കഴുത്തില്‍ ചങ്ങലയുമായി ആറു കിലോമീറ്ററോളം നടന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് ശരീരമാസകലം മുറിവുകളേറ്റും കാലുകളില്‍ മുള്ളുകള്‍ തറച്ചുകയറി ചോരയൊലിപ്പിച്ചും യുവതി ഖില്‍ച്ചിപൂര്‍ സ്റ്റേഷനിലെത്തിയത്. തടവിലാക്കാന്‍ ഭര്‍ത്താവ് ഉപയോഗിച്ച ചങ്ങലയും പൂട്ടും അപ്പോഴും ആ യുവതിയുടെ കഴുത്തില്‍ തൂങ്ങിക്കിടപ്പുണ്ടായിരുന്നു. പരാതിക്ക് പിന്നാലെ പ്രതിയായ ഭര്‍ത്താവ് സര്‍ദാര്‍ സിംഗ് തന്‍വാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മംഗീബായ് തന്‍വാര്‍ എന്ന യുവതിയാണ് പോലീസ് സ്റ്റേഷനില്‍ എത്തിയത്. ജൂണ്‍ 10-ന് രാത്രി ഭര്‍ത്താവ് മദ്യപിച്ചെത്തിയതോടെയാണ് അതിക്രമങ്ങള്‍ തുടങ്ങിയതെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. അത്താഴത്തിന് ശേഷം ഇയാള്‍ വഴക്കുണ്ടാക്കാന്‍ തുടങ്ങി. മംഗീബായ് ഇത് ചോദ്യം ചെയ്തതോടെ പുറത്തുപോയി മരക്കൊമ്പ് വെട്ടിയെടുത്ത് വടിയാക്കി മാറ്റി മംഗീബായെ ക്രൂരമായി തല്ലിച്ചതച്ചു.
മര്‍ദ്ദനം സഹിക്കവയ്യാതെ അന്നുരാത്രി തന്നെ മംഗീബായ് വീട്ടില്‍ നിന്നും ഇറങ്ങി ഖില്‍ച്ചിപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് നടന്നു. എന്നാല്‍ സ്റ്റേഷനിലെത്തുന്നതിന് മുന്‍പ് തന്നെ ഒരു ക്ഷേത്രത്തിന് സമീപത്ത് വെച്ച് ഭര്‍ത്താവ് ഇവരെ തടഞ്ഞുനിര്‍ത്തുകയും വീണ്ടും മര്‍ദ്ദിച്ച് ബലമായി നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരികയും ചെയ്തു. തിരികെ വീട്ടിലെത്തിച്ചതോടെ ശിക്ഷ കൂടുതല്‍ ക്രൂരമായി.
മംഗീബായുടെ കഴുത്തില്‍ ഇരുമ്പ് ചങ്ങലയിട്ട് അതിന്റെ മറുഅറ്റം വീട്ടിലെ തൂണില്‍ ബന്ധിപ്പിച്ച് പൂട്ടുകയായിരുന്നു. ഇനി എങ്ങനെ പൊലീസ് സ്റ്റേഷനില്‍ പോയി തനിക്കെതിരെ പരാതി നല്‍കുമെന്ന് കാണണമെന്ന് ഇയാള്‍ ആക്രോശിച്ചു. തുടര്‍ന്ന് ഗ്യാസ് സ്റ്റൗവില്‍ ഇരുമ്പുദണ്ഡ് പഴുപ്പിച്ചെടുത്ത ഇയാള്‍ മംഗീബായുടെ ഇടുപ്പിലും തുടയിലും പൊള്ളിക്കുകയായിരുന്നു. വേദനകൊണ്ട് അവര്‍ ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും ആരും രക്ഷിക്കാനെത്തിയില്ല. അടുത്ത 24 മണിക്കൂര്‍ അവര്‍ ആ വീട്ടില്‍ തടവിലായിരുന്നു. ആരോടും സംസാരിക്കാന്‍ ഇയാള്‍ അനുവദിച്ചില്ല.
പൊലീസില്‍ പരാതിപ്പെടാതിരിക്കാന്‍ പഞ്ചായത്ത് വിളിച്ച് മംഗീബായെ സമ്മര്‍ദ്ദത്തിലാക്കാനായിരുന്നു ഇയാളുടെ നീക്കം. കൂടുതല്‍ അക്രമം ഭയന്ന മംഗീബായ് ഭര്‍ത്താവിന്റെ നിബന്ധനകള്‍ക്ക് വഴങ്ങുന്നതായി അഭിനയിച്ചു. എന്നാല്‍ രക്ഷപ്പെടാനുള്ള ഒരു അവസരത്തിനായി അവര്‍ കാത്തിരിക്കുകയായിരുന്നു.
പഞ്ചായത്ത് കൂട്ടാനായി ഭര്‍ത്താവ് പുറത്തുപോയതോടെ വീട്ടില്‍ ഒറ്റയ്ക്കായ അവര്‍ ഒരു കല്ല് ഉപയോഗിച്ച് അവര്‍ കഴുത്തിലെ പൂട്ടില്‍ ശക്തമായി അടിച്ചു. പലതവണ അടിച്ചതിനൊടുവില് പൂട്ട് തകരുകയും ചങ്ങല വേര്‍പെടുകയും ചെയ്തു. മോചിതയായ ഉടന്‍ തന്നെ അവര്‍ ഖില്ച്ചിപൂരിലേക്ക് ഓടി രക്ഷപ്പെട്ടു. കടുത്ത ഇരുട്ടില്‍ വിജനമായ വഴികളിലൂടെയും പാടശേഖരങ്ങളിലൂടെയും കഴുത്തില്‍ ചങ്ങലയും പൂട്ടും തൂങ്ങിക്കിടക്കുന്ന അവസ്ഥയിലാണ് അവര്‍ ആറ് കിലോമീറ്റര്‍ നടന്നത്.
കാലുകളില്‍ മുള്ളുകള്‍ തറച്ച് ചോരയൊലിക്കുന്നുണ്ടായിരുന്നു. വഴിയില്‍ കണ്ട ചിലര്‍ ചങ്ങല കണ്ട് ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കരുതി അവഗണിച്ചെങ്കിലും, വഴിപോക്കനായ ഒരാള്‍ ഇവരുടെ ദയനീയാവസ്ഥ കണ്ട് ഭക്ഷണവും നല്കി സഹായിച്ചു. രാത്രി 10 മണിയോടെ കഴുത്തില്‍ വലിയ ഇരുമ്പ് ചങ്ങലയുമായി മംഗീബായ് ഖില്‍ച്ചിപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് വന്നപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പരിചയസമ്പന്നരായ പൊലീസുകാര്‍ പോലും ഞെട്ടിപ്പോയി. സ്റ്റേഷനിലെത്തിയ ഉടന്‍ തന്നെ അവര്‍ പൊട്ടിക്കരഞ്ഞുകൊണ്ട് തനിക്കുണ്ടായ ക്രൂരതകള്‍ വിവരിച്ചു.
ഉടന്‍ തന്നെ പൊലീസ് ചങ്ങല അറുത്തുമാറ്റി ഇവരെ വൈദ്യപരിശോധനയ്ക്ക് അയച്ചു. പരിശോധനയില്‍ ശരീരത്തില്‍ ക്രൂരമായ മര്‍ദ്ദനമേറ്റ പാടുകളും പൊള്ളലേറ്റ മുറിവുകളും കണ്ടെത്തി. തുടര്‍ന്ന് പൊലീസ് സംഘം ഗ്രാമത്തിലെത്തി പ്രതിയായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.






