
തിരക്കേറിയ മുംബൈയിലെ റോഡില്‍ വണ്ടി ഓടിക്കുന്നതിനിടയില്‍ യുവതി കാറിനുള്ളിലിരുന്ന് ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് വലിയ ട്രാഫിക് ബ്ലോക്ക് ഉണ്ടായതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിരക്കുള്ള സമയത്ത് റോഡിന് നടുവില്‍ കാര്‍ അനങ്ങാതെ കിടന്നതോടെ പിന്നാലെ വന്ന വാഹനങ്ങള്‍ ഒന്നൊന്നായി കുടുങ്ങുകയും, കാര്‍ എന്തുകൊണ്ടാണ് മുന്നോട്ട് എടുക്കാത്തതെന്ന് മനസ്സിലാകാതെ മറ്റ് ഡ്രൈവര്‍മാര്‍ ആകെ കണ്‍ഫ്യൂഷനിലാകുകയും ചെയ്തു. ഏറെ നേരമായി വണ്ടി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഒരു ബൈക്ക് യാത്രക്കാരന് ഒടുവില്‍ പരിശോധിക്കാനായി ചെന്നപ്പോഴാണ് യുവതി ഉള്ളിലിരുന്ന് ഉറങ്ങുന്നത് കണ്ടത്.
യുവാവ് കാറിന്റെ വിന്‍ഡോയില്‍ തട്ടി പതുക്കെ വിളിച്ച് ഉണര്‍ത്തിയതോടെയാണ് യുവതിക്ക് സാഹചര്യം മനസ്സിലായതും ഉടന്‍ തന്നെ കാര്‍ അവിടെനിന്ന് മാറ്റിയതും. അതിനുശേഷമാണ് റോഡിലെ ഗതാഗതം സാധാരണ നിലയിലായത്. എന്നാല്‍, ഉറക്കമുണര്‍ന്ന യുവതിയോട് വണ്ടി നീക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, യുവാവിന്റെ ബൈക്ക് അവിടെ നിന്നും എടുത്ത് മാറ്റാനാണ് അവര്‍ തിരികെ പറഞ്ഞത്. യുവതിയുടെ ഈ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുമ്പോള്‍, അവര്‍ ജോലിസമ്മര്‍ദ്ദം കാരണം ഉറങ്ങിപ്പോയതായിരിക്കാമെന്നും അതിനാല്‍ വെറുപ്പ് പ്രചരിപ്പിക്കരുത് എന്നുമാണ് വീഡിയോ പങ്കുവെച്ച യുവാവ് ക്യാപ്ഷനില്‍ കുറിച്ചത്. എങ്കിലും നടുറോഡില്‍ എങ്ങനെയാണ് ഒരാള്‍ക്ക് ഇങ്ങനെ ഉറങ്ങാന്‍ കഴിയുകയെന്ന് ചോദിച്ച് നിരവധിപ്പേര്‍ കമന്റുകളുമായി രംഗത്തെത്തി. മറ്റ് അപകടങ്ങളൊന്നും ഉണ്ടാകാത്തത് വലിയ ഭാഗ്യമാണെന്നും, ഉറക്കം വന്നാല്‍ വണ്ടി എവിടെയെങ്കിലും സൈഡാക്കി നിര്‍ത്തി ഉറങ്ങുന്നതാണ് ഏറ്റവും സുരക്ഷിതമെന്നും സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ അഭിപ്രായപ്പെടുന്നു.






