
കാസർകോഡ്: മേൽപ്പറമ്പ് പീഡന കേസിലെ പ്രതി സ്നേഹ മെർലിൻ പെൺകുട്ടിയുടെ പിതാവിനെ പോക്സോ കേസിൽ കുടുക്കാൻ നിർണായക സ്വാധീനം ചെലുത്തിയെന്ന് സൂചന. തളിപ്പറമ്പ് പുളിമ്പറമ്പ് സ്വദേശി സ്നേഹ മെർലിന്റെ (25) പ്രേരണയ്ക്ക് വഴങ്ങിയാണ് അതിജീവിത പിതാവിനെതിരെ പീഡന പരാതി നൽകിയതെന്നാണ് കരുതുന്നത്. ഇക്കാര്യം പരിശോധിച്ച ശേഷം പൊലീസ് തുടർ നടപടി സ്വീകരിക്കും.
പിതാവ് പീഡിപ്പിച്ചതായി പെൺകുട്ടി സ്കൂൾ കൗൺസലറോടാണ് പറഞ്ഞത്. പിന്നീട് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലും ഇതേ കാര്യം ആവർത്തിച്ചു. കോടതി നിർദേശപ്രകാരം പിതാവിനെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. അതിജീവിതയായ പെൺകുട്ടിയെ പിന്നീട് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ രണ്ടുമാസത്തിനുള്ളിൽ സംരക്ഷണകേന്ദ്രത്തിൽ വച്ച് കുട്ടിയെ പലതവണ കൗൺസലിങിന് വിധേയമാക്കിയപ്പോഴാണ് സ്നേഹയാണ് പീഡിപ്പിച്ചതെന്ന് കുട്ടി വെളിപ്പെടുത്തിയത്.
പെൺകുട്ടിയുടെ മാതാവ് ലഹരിമരുന്ന് കേസിൽ കണ്ണൂർ ജയിലിൽ കഴിയുമ്പോഴാണ് സ്നേഹ മെർലിനെ പരിചയപ്പെടുന്നത്. ജയിലിൽ നിന്നിറങ്ങിയതിനു ശേഷം ജാമ്യവ്യവസ്ഥകളുടെ പേരിൽ കണ്ണൂർ ജില്ല വിട്ടുനിൽക്കേണ്ട സാഹചര്യമാണെന്നും താമസിക്കാൻ അനുവദിക്കണമെന്നും പറഞ്ഞാണ് സ്നേഹ മേൽപ്പറമ്പിലെ ഇവരുടെ വീട്ടിൽ എത്തിയത്. ഒരു വർഷത്തോളം ഇവിടെ താമസിച്ചു.
പെൺകുട്ടിയുടെ വീട്ടിൽ താമസിച്ചിരുന്ന മെർലിൻ മൊബൈൽ ഫോൺ വാങ്ങി നൽകിയും അശ്ലീല ദൃശ്യങ്ങൾ കാട്ടിയുമാണ് പീഡനം നടത്തിയിരുന്നത്. വിദേശത്തായിരുന്ന കുട്ടിയുടെ പിതാവ് നാട്ടിലെത്തിയതോടെ സ്നേഹയെ വീട്ടിൽനിന്ന് ഇറക്കിവിട്ടു. കുട്ടിക്ക് സ്നേഹ നൽകിയ മൊബൈൽ പിതാവ് പിടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് സ്കൂളിൽ പോകുന്ന വഴിയിൽ വച്ച് സ്നേഹ കുട്ടിയെ കാണുകയും പിതാവിനെതിരെ പരാതികൊടുക്കാനായി സ്വാധീനിക്കുകയും ചെയ്തു എന്നാണ് കരുതുന്നത്.
പെൺകുട്ടിയെ പീഡിപ്പിച്ചത് ഉൾപ്പെടെ നാല് പോക്സോ കേസുകളാണ് സ്നേഹക്കെതിരെയുള്ളത്. ഇവർ ഇപ്പോൾ ഒളിവിലാണ്. 12 വയസ്സുള്ള പെൺകുട്ടിയെയും സഹോദരനായ 14 കാരനെയും പീഡിപ്പിച്ചതിനാണ് സ്നേഹ അറസ്റ്റിലാവുന്നത്. ഇതിന് മുൻപും മറ്റൊരു കുട്ടിയെ പീഡിപ്പിച്ചു.






