
മലയാളികളുടെ പ്രിയപ്പെട്ട നടന് ഇന്ദ്രന്‍സും മധുബാലയും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് ചിന്ന ചിന്ന ആസൈ. വര്‍ഷ വാസുദേവ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ മധുബാലയെ തീരുമാനിച്ചപ്പോള്‍ നായകന് താന്‍ ആണെന്ന് പറയരുത് എന്ന് ഉണ്ടായിരുന്നു എന്ന് ഇന്ദ്രന്‍സ് പറഞ്ഞു. മുന്‍പ് പല സിനിമകളിലും താന്‍ നായകന് ആണെന്നറിഞ്ഞ് നായികമാര്‍ അഭിനയിക്കാന്‍ തയ്യാറായിരുന്നില്ല എന്നും സിനിമയുടെ പ്രെസ് മീറ്റില്‍ ഇന്ദ്രന്‍സ് പറഞ്ഞു.
'വര്‍ഷ വന്ന് ഇതിന്റെ കഥ പറഞ്ഞപ്പോള്‍ എനിക്ക് നല്ല ഇഷ്ടമായി. വേറൊന്നും ചോദിക്കാതെ ഞാന്‍ റെഡി പറഞ്ഞു. അന്നും മധു മാഡമിന്റെ പേര് പറഞ്ഞിരുന്നു. ആരാണ് മാധവന് മാഷ് എന്ന് ചോദിച്ചാല്‍ പേര് പറയല്ലേ, തീരുമാനിച്ചില്ല എന്നേ പറയാവൂ എന്ന് പറയണമെന്നുണ്ടായിരുന്നു. ഇല്ലെങ്കില്‍ ചിലപ്പോള്‍ അവര്‍ വിളിച്ച് അന്വേഷിക്കും, അത് ഇവിടെ കോമഡിയൊക്കെ ചെയ്യുന്ന ഒരുത്തനാണെന്ന് പറഞ്ഞാല്‍ അവര്‍ വിട്ടു പോയേക്കും. അഭിനയിക്കാന്‍ ആഗ്രഹം ഉണ്ടെങ്കിലും പോകും. എനിക്ക് ചില സിനിമകളില്‍ അങ്ങനെ സംഭവിച്ചിട്ടുണ്ട്. നമ്മളോട് വലിയ ആര്‍ട്ടിസ്റ്റിന്റെ പേര് പറയും. അവസാനം ആകുമ്പോള്‍ അവരെയൊന്നും കിട്ടാതാകും.
നമുക്ക് നമ്മുടെ കഥാപാത്രം നോക്കിയാല്‍ മതി. എങ്കിലും അതൊരു ആധിയായി കിടക്കും. ഇത് മധു മാഡം സമ്മതിച്ചു, ഇഷ്ടമായി എന്ന് വര്‍ഷ വന്ന് പറഞ്ഞു. ഞാനും ആ ഡേറ്റിനായി കാത്തിരിക്കുകയായിരുന്നു. പിന്നീട് ചെറിയ ചെറിയ മാറ്റങ്ങളുണ്ടാകുമ്പോഴും ഒരാഴ്ച നീളുമ്പോഴും എനിക്ക് വെപ്രാളമാണ്. എങ്ങാനും അവര്‍ മാറിപ്പോയാല്‍ പിന്നെ ആരെങ്കിലും ആയിരിക്കും വരിക. അത് സിനിമയുടെ വിജയത്തേയും ബാധിക്കും. അതിനാല്‍ ഞാന്‍ ആധി പിടിച്ചിരുന്നതാണ്. പക്ഷെ അത് സംഭവിച്ചില്ല. മധു മാഡം വന്നു. അതില്‍ വളരെ സന്തോഷമുണ്ട്. 19-ാം തീയതിക്കായി ചങ്കിടിപ്പോടെ കാത്തിരിക്കുകയാണ്', ഇന്ദ്രൻസിന്റെ വാക്കുകൾ.
ജൂണ്‍ 19ന് ചിത്രം തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ എത്തിക്കുന്നത്. ബാബുജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഭിജിത് ബാബുജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വലിയ പ്രേക്ഷക ശ്രദ്ധ നേടിയ ഹ്രസ്വചിത്രം ' എന്റെ നാരായണിക്ക്' ശേഷം വര്‍ഷാ വാസുദേവ് ഒരുക്കുന്ന ചിത്രം കൂടിയാണിത്.






