
തമിഴ് നാട് മുഖ്യമന്ത്രി വിജയ് യുമായുളള കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് നടന് വിശാല്‍. ലയോള കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ തുടങ്ങിയ തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും, വിജയ് യെ ഇപ്പോഴും ഡാര്‍ലിംഗ് എന്ന് വിളിക്കാന്‍ കഴിയുന്നതിലെ സന്തോഷത്തെക്കുറിച്ചും വിശാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.
‘ഏറ്റവും പ്രിയപ്പെട്ട സി.എം വിജയ് സര്, ലയോള കോളേജ് കാലം മുതല്‍ താങ്കളെ എനിക്കറിയാം. അന്നുമുതല്‍ കഴിഞ്ഞ ഇത്രയും വര്‍ഷങ്ങളായി ഞാന്‍ താങ്കളെ വിളിക്കാന്‍ ഉപയോഗിക്കുന്ന ഡാര്‍ലിംഗ് എന്ന വാക്കിന് ഇപ്പോഴും ഒരു മാറ്റവുമില്ല. വളര്‍ന്നു വരുന്ന ഒരു താരമായി താങ്ങളെ പരിചയപ്പെട്ടതു മുതലാണ് ഇതെല്ലാം തുടങ്ങുന്നത്. പിന്നീട് എല്ലാ പ്രതിസന്ധികളെയും വിമർശനങ്ങളെയും താങ്കളുടെ നിശബ്ദത കൊണ്ടും വിജയം കൊണ്ടും തച്ചുടച്ചുകൊണ്ട്, ഒരു 'സൂപ്പർസ്റ്റാർ' ആയി താങ്കൾ ഉയരങ്ങളിലേക്ക് കുതിക്കുന്നതിനും, അതിനുശേഷം ഇപ്പോൾ തമിഴ്നാടിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയായി മാറുന്നതിനും ഞാൻ സാക്ഷിയായി.
ഇന്ന് താങ്കളുടെ പദവിയും സ്ഥാനപ്പേരും മാറിയിട്ടുണ്ടാകാം, പക്ഷേ താങ്കൾ എന്ന വ്യക്തിക്ക് ഒരു മാറ്റവുമില്ല. താങ്കളെ കണ്ടുമുട്ടാൻ കഴിഞ്ഞത് തികച്ചും സന്തോഷകരമായ ഒരു അനുഭവമായിരുന്നു, പഴയ അതേ ഊഷ്മളത തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്. കലൈഞ്ജർ അയ്യ, ജയലളിത അമ്മ, സ്റ്റാലിൻ അങ്കിൾ, പിന്നെ എന്റെ സ്വന്തം ഉദയ... അങ്ങനെ പലരിലൂടെ കടന്ന്, ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെ 'ഡാർലിംഗ്' എന്ന് വിളിക്കാൻ കഴിഞ്ഞത് വളരെ മനോഹരമായ ഒരു കാര്യമാണ്. എന്നിലെ ആ ആരാധകൻ എപ്പോഴും അങ്ങനെ തന്നെ നിലനിൽക്കും.
ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ. സാധാരണ നൽകാറുള്ള പൊന്നാടയും പൂച്ചെണ്ടുകളും സ്വീകരിക്കാത്തതിന് നന്ദി. പകരം, ആ തുക ഉപയോഗിച്ച് തമിഴ്നാട്ടിലെ അർഹരായ, നിർധനരായ മൂന്ന് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി താങ്കളുടെ പേരിൽ ഞാൻ ധനസഹായം നൽകി. അവർ എന്നും താങ്കളെക്കുറിച്ച് അഭിമാനിക്കുകയും താങ്കളെ ഓർക്കുകയും ചെയ്യും.
എന്റെ ഹൃദയം നിറഞ്ഞ നന്ദി ഒരിക്കൽ കൂടി അറിയിക്കുന്നു. എല്ലാ ആശംസകളും സി.എം സർ. താങ്കൾക്ക് എപ്പോഴും നന്മയും വളർച്ചയും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. താങ്കളുടെ ഭരണകാലത്ത് തമിഴ്നാടിന് ഏറ്റവും നല്ലത് തന്നെ സംഭവിക്കുമെന്ന് പ്രതീക്ഷിക്കുന്നു.’ വിശാല്‍ കുറിച്ചു.






