
അന്യഗ്രഹജീവികളെയും പറക്കും തളികകളെയും കുറിച്ചുള്ള നിഗൂഢതകള്‍ നിലനില്‍ക്കെ, വരാനിരിക്കുന്ന ഫിഫ ലോകകപ്പ് മത്സരത്തിനിടെ ഭൂമിയിലേക്ക് യുഎഫ്ഒ എത്തുമെന്ന വിചിത്രമായ പ്രവചനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കളി നടക്കുന്ന സ്‌റ്റേഡിയത്തില്‍ പറക്കും തളിക വന്നിറങ്ങുമെന്നും, അവിടെയുള്ള നൂറുകണക്കിന് ആളുകളെ അത് തട്ടിക്കൊണ്ടുപോകുമെന്നുമാണ് ഈ പുതിയ പ്രവചനം. ഇന്‍സ്റ്റഗ്രാമില്‍ 23 മില്യണിലധികം ഫോളോവേഴ്‌സുള്ള വോ ബഹിയാനോ (എലിസാന്‍ജല ഡി സൂസ) എന്ന ബ്രസീലിയന്‍ മനഃശാസ്ത്രജ്ഞയാണ് ജൂണ്‍ രണ്ടിന് പങ്കുവെച്ച വീഡിയോയിലൂടെ ഈ അവകാശവാദം ഉന്നയിച്ചത്.
ജൂണ്‍ 24ന് ഫ്‌ലോറിഡയിലെ മിയാമി ഗാര്‍ഡന്‍സിലുള്ള ഹാര്‍ഡ് റോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഗ്രൂപ്പ് സി മത്സരത്തിനിടെ ഈ അന്യഗ്രഹ പേടകം മൈതാനത്ത് വന്നിറങ്ങുമെന്നാണ് ഇവര്‍ പറയുന്നത്. ഗ്രൗണ്ടിലെ കളിക്കാരെയും അധികൃതരെയും ഉള്‍പ്പെടെയുള്ളവരെ ഈ പേടകത്തില്‍ അന്യഗ്രഹജീവികള്‍ കയറ്റിക്കൊണ്ടുപോകുമെന്നും, അതിനാല്‍ 2026 ജൂണ്‍ 24ന് മിയാമിയിലെ ഈ സ്‌റ്റേഡിയത്തിലേക്ക് ആരും പോകരുതെന്നും ഇവര്‍ കര്‍ശന മുന്നറിയിപ്പ് നല്‍കുന്നു. അന്ന് ലോകകപ്പില്‍ സ്‌കോട്ട്‌ലാന്‍ഡും ബ്രസീലും തമ്മിലാണ് കടുത്ത പോരാട്ടം നടക്കുന്നത്.
ഫുട്‌ബോള്‍ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഈ മത്സരത്തെക്കുറിച്ച് വന്നിരിക്കുന്ന ഈ വിചിത്ര പ്രവചനം കേട്ട് അന്തംവിട്ടിരിക്കുകയാണ് ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള വാദപ്രതിവാദങ്ങള്‍ക്കാണ് ഈ വീഡിയോ വഴിതുറന്നിരിക്കുന്നത്. ഒരു വിഭാഗം ആളുകള്‍ ഈ പ്രവചനത്തെ കടുത്ത ഭീതിയോടെ നോക്കിക്കാണുമ്പോള്‍, ഭൂരിഭാഗം നെറ്റിസണ്‍സും ഇത് പ്രശസ്തിക്ക് വേണ്ടിയുള്ള വെറും തട്ടിപ്പാണെന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ചെയ്യുന്നത്.






