
ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷകരെ ഞെട്ടിച്ച സംവിധായകനാണ് അഭിനവ് സുന്ദര്‍ നായക്. വക്കീൽ ആയില്ലായിരുന്നെങ്കിൽ പക്കാ ക്രിമിനലായി മാറുമായിരുന്ന ഒരു വക്കീലിന്റെ കഥ സിമ്പിളായി പറഞ്ഞ ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രം പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടിയതാണ്.
ആദ്യ സിനിമയ്ക്ക് ശേഷം യുവതാരങ്ങളില്‍ ശ്രദ്ധേയനായ നസ്ലനെ കേന്ദ്ര കഥാപാത്രമാക്കി സംവിധാനം ചെയ്ത ‘മോളിവുഡ് ടൈംസും’ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുടെ കൈയടി നേടിക്കൊണ്ട് ബോക്‌സ് ഓഫീസില്‍ തരംഗമായി നിലനില്‍ക്കുകയാണ്. രണ്ടു സിനിമകളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ‘ഗ്യാരന്റി’യുള്ള സംവിധായകന്‍ എന്ന പേര് അഭിനവ് നേടിക്കഴിഞ്ഞു. സിനിമയ്ക്കപ്പുറം മിക്ക താരങ്ങളുമായി ആഴത്തിലുള്ള സൗഹൃദവും അഭിനവിനുണ്ട്.
ഇപ്പോഴിതാ തന്റെ സുഹൃത്തുക്കളും സംവിധായകരും അഭിനേതാവുമായ ബേസില്‍ ജോസഫിനും ഗണേശ് രാജിനുമൊപ്പമുള്ള ത്രോബാക്ക് ചിത്രം പങ്കിടുകയാണ് അഭിനവ് സുന്ദര്‍ നായക്. വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന ക്യാപ്ഷന്‍ നല്‍കി 13 വര്‍ഷത്തെ ഇടവേളയിലുള്ള ചിത്രങ്ങളാണ് അഭിനവ് ഷെയര്‍ ചെയ്തത്. ‘‘വർഷങ്ങൾക്ക് ശേഷം...(2026/2013)...’’ എന്ന ക്യാപ്ഷന്‍ നല്‍കിയ ചിത്രത്തില്‍ ബേസിലും ഗണേശും ഒരുമിച്ചുള്ള പഴയ ചിത്രവും പുതിയ ചിത്രവുമാണ് അഭിനവ് പങ്കിട്ടിരിക്കുന്നത്. നിരവധി ആരാധകരും സഹപ്രവര്‍ത്തകരും കമന്റ് ബോക്സില്‍ രസകരമായ കമന്റുകള്‍ കുറിക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍, നസ്ലെന്‍, ഡോ. അനന്ദു എന്നിവര്‍ ലവ് ഇമോജിയടക്കമാണ് കുറിച്ചിരിക്കുന്നത്. അന്നുമിന്നും ബേസിലിന്റെ കള്ളച്ചിരിയാണ് ഹൈലൈറ്റ്, വിനീത് ശ്രീനിവാസന്റെ ഫിലിം സ്കൂൾ എന്നിങ്ങനെയാണ് കമന്റുകള്‍.






