
ബോളിവുഡില്‍ ഒരുകാലത്ത് തിളങ്ങി നിന്നിരുന്ന നായികയായിരുന്നു അമൃത സിംഗ്. കരിയറിന്റെ പീക്ക് ടൈമില്‍ നില്‍ക്കുമ്പോഴാണ് അമൃത സെയ്ഫ് അലി ഖാനുമായി പ്രണയത്തിലായത്. അക്കാലത്ത് ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ ഇടം പിടിച്ചൊരു പ്രണയമായിരുന്ന ഇവരുടേത്. സെയ്ഫും അമൃതയും തമ്മിലുള്ള പ്രായവ്യത്യാസം തന്നെയായിരുന്നു അതിനുള്ള കാരണവും. എങ്കിലും അതൊന്നും വകവയ്ക്കാതെ ഇവര്‍ വിവാഹിതരായി. എന്നാല്‍ രണ്ട് മക്കള്‍ ജനിച്ച് 13 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇവർ വിവാഹമോചിതരായി.
സെയ്ഫാകട്ടെ കരീന കപൂറിനെ രണ്ടാമത് വിവാഹം ചെയ്ത് പുതിയൊരു ജീവിതത്തിലേക്ക് കടന്നു. അന്നും പരാതിയോ പരിഭവമോ പറയാതെ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് അധികമാരോടും സംസാരിക്കാതെ മക്കള്‍ക്കു വേണ്ടി അമൃത ജീവിച്ചു. പൂജ ബേദിയുമായുള്ള ഒരു സംഭാഷണത്തില്‍ മാത്രമാണ് താന്‍ ഇനിയുമൊരു വിവാഹം ചെയ്യുമോ എന്ന ചോദ്യത്തിന് അമൃത മറുപടി പറഞ്ഞത്.
ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പുറം അതേ അഭിമുഖം സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുകയാണ്. വരും വർഷങ്ങളിൽ മറ്റൊരു വിവാഹമുണ്ടാകുമോ എന്ന ചോദ്യത്തിന് താൻ എന്തുകൊണ്ട് രണ്ടാം വിവാഹത്തിന് തയ്യാറായില്ല എന്നതാണ് അമൃത മറുപടിയായി പറഞ്ഞത്.
‘‘ചിലപ്പോൾ വേറെ വിവാഹം കഴിച്ചേക്കാം' എന്ന് പറയാൻ എനിക്ക് 16 വയസ്സല്ല. സത്യസന്ധമായി പറഞ്ഞാൽ എനിക്കിപ്പോൾ അതിനോട് ഒട്ടും താല്പര്യമില്ല. പക്ഷേ നാളെ എന്താണ് സംഭവിക്കുക എന്ന് ആർക്കും പറയാൻ കഴിയില്ലല്ലോ. കാരണം, ഒരു പുരുഷന് എനിക്ക് നൽകാൻ കഴിയുന്നതെല്ലാം ഇപ്പോൾ എന്റെ പക്കലുണ്ട്. വിവാഹം കഴിച്ചാൽ മാത്രം കിട്ടുന്ന ചില കാര്യങ്ങൾ ഒഴികെ... വളരെ വിചിത്രമായ ഒരു മറുപടിയാണിത്. വേണ്ട, ഞാനതിനെക്കുറിച്ച് ഇനിയൊന്നും പറയുന്നില്ല...’’ എന്നാണ് അമൃത പറഞ്ഞത്.
1991-ൽ ‘ബേഖുദി’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെയാണ് സെയ്ഫും അമൃതയും പ്രണയത്തിലായത്. കുറച്ചു നാളത്തെ ഡേറ്റിംഗിനു ശേഷം ഇവര്‍ വിവാഹിതരാകുകയും ചെയ്തു. 13 വര്‍ഷമുണ്ടായിരുന്ന ദാമ്പത്യത്തില്‍ അമൃതയ്ക്കും സെയ്ഫിനും രണ്ടു മക്കളാണുള്ളത്. ബോളിവുഡ് താരം സാറാ അലി ഖാനും സഹോദരൻ ഇബ്രാഹിം അലി ഖാനും. അമൃതയുമായി നിയമപരമായി വേര്‍പിരിഞ്ഞ ശേഷമാണ് സെയ്ഫ്, കരീനയുമായി പ്രണയത്തിലായതും വിവാഹം ചെയ്തതും. അതിലും സെയ്ഫിന് രണ്ട് മക്കളുണ്ട്, തൈമൂറും ജഹാംഗീറും. സെയ്ഫിന്റെ നാലു മക്കളും തമ്മില്‍ വലിയ സ്നേഹമാണ്. കരീനയുമായും സാറയ്ക്കും ഇബ്രാഹിമിനും ഒരു പ്രശ്നവുമില്ല, ഏതൊരു ഫാമിലി ഫംഗ്ഷനും ഇവര്‍ എല്ലാവരും ഒരുമിച്ചു കൂടാറുണ്ട്.
വിവാഹമോചനത്തിന് ശേഷം പരസ്പരം കുറ്റപ്പെടുത്താനോ ചെളി വാരിയെറിയാനോ സെയ്ഫും അമൃതയും ഒരിക്കലും ശ്രമിച്ചിട്ടില്ല. ഒരുമിച്ചു ജീവിക്കാന്‍ കഴിയാതെ വന്നപ്പോള്‍ വേര്‍പിരിഞ്ഞ ഇവര്‍ രണ്ടാളും പരസ്പരം ബഹുമാനം നല്‍കി തങ്ങളുടെ ജീവിതത്തിലേക്ക് തിരിഞ്ഞു. വിവാഹമോചനത്തിനു ശേഷം കഠിനനാളുകളില്‍ തളര്‍ന്നുപോകാതെ മക്കള്‍ക്കു വേണ്ടി ജീവിക്കുകയായിരുന്നു അമൃത. ‘‘ശക്തമായ തീരുമാനമെടുത്ത ഒരു അമ്മയുടെ അതിജീവനമായിരുന്നു എന്റേത്. വേർപിരിയലിന്റെ സങ്കടങ്ങളിൽ തളർന്നിരുന്നെങ്കിൽ നിരാശയും അസംതൃപ്തിയും നിറഞ്ഞ ഒരു ജീവിതത്തിലേക്ക് ഞാന്‍ ഒതുങ്ങിപ്പോകുമായിരുന്നു. ജീവിതത്തിലുണ്ടായ പരാജയം കണ്ട് പ്രതിസന്ധികളിൽ തോറ്റുകൊടുക്കാൻ എന്റെ മക്കൾ പഠിക്കരുത് എന്ന ദൃഢനിശ്ചയമാണ് എനിക്ക് കരുത്തു നല്‍കിയത്...’ എന്നാണ് അമൃത സിംഗ് ഇതിനെക്കുറിച്ച് പറഞ്ഞിട്ടുള്ളത്.
മക്കൾക്ക് ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും മാതൃകയായി, അവർക്ക് സമാധാനപരമായ അന്തരീക്ഷമൊരുക്കിയ ഒരു അമ്മ കൂടിയാണ് അമൃത. ഒരിക്കലും മക്കള്‍ അച്ഛനുമായി സഹകരിക്കുന്നതിനോ കരീനയുമായി സഹകരിക്കുന്നതിനോ അമ്മ എതിര്‍പ്പ് പറഞ്ഞിട്ടില്ലെന്ന് സാറയും പലപ്പോഴും പറഞ്ഞിട്ടുണ്ട്. താന്‍ കണ്ടിട്ടുള്ള അതിശക്തയായ സ്ത്രീയാണ് അമ്മയെന്നും, അമ്മയാണ് ഏറ്റവും വലിയ കരുത്തെന്നും അയണ്‍ ലേഡിയാണെന്നും സാറ പറയാറുണ്ട്.






