
കേരളസര്‍ക്കാരിന്റെ പുതിയ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ചിരിനിറഞ്ഞ സംസാരവും ഇടപെടലും മാത്രമല്ല ഭരണപരിഷ്കാരങ്ങളും ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി.ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദര്‍ശിനി’ പദ്ധതിയടക്കമുള്ളവ വലിയ രീതിയില്‍ സ്വീകരിക്കപ്പെടുന്നുണ്ട്. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഈ പദ്ധതിക്ക് ജനങ്ങള്‍ നല്‍കുന്നത്.
എന്നാല്‍ ഇതിനെ വിമര്‍ശിച്ചവരും കുറവല്ല. അതില്‍ കൂടുതലും പുരുഷന്മായിരുന്നു താനും. ‘പ്രിയദര്‍ശിനി’ വന്നതിനു പിന്നാലെ പുരുഷന്മാർക്കും സൗജന്യ യാത്ര വേണമെന്ന് ആവശ്യപ്പെട്ട് മെൻസ് അസോസിയേഷനും രംഗത്തെത്തി. ഈ ആവശ്യത്തെക്കുറിച്ച് പരാമര്‍ശിക്കവേ മുഖ്യമന്ത്രി തമാശരൂപേണ പറഞ്ഞത്, ‘സ്ത്രീകള്‍ സൗജന്യ യാത്രയിലൂടെ മിച്ചം പിടിക്കുന്ന പൈസ വീട്ടിലെത്തിക്കുമെന്നും പുരുഷന്മാരിൽ ചിലര്‍ മാത്രമേ അത് ചെയ്യൂ’ എന്നുമാണ്.
ഇപ്പോഴിതാ ഈ പരാമര്‍ശത്തെ നിശിതമായി വിമര്‍ശിക്കുകയാണ് ബിഗ് ബോസ് മലയാളം വിന്നറും സംവിധായകനുമായ അഖില്‍ മാരാര്‍. പല സാമൂഹിക വിഷയങ്ങളിലും തന്റെ നിലപാട് അറിയിക്കാറുള്ള അഖില്‍, ഒരു പറ്റം പുരുഷന്മാരെ ആക്ഷേപിക്കുന്നതിനു തുല്യമാണ് ഈ പ്രസ്താവന എന്നാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ജൻഡർ നോക്കി സൗജന്യം നൽകിയ വിഡ്ഢിത്തരം ശരിയായ രീതിയല്ലെന്നും അഖില്‍ കുറിച്ചിട്ടുണ്ട്.
‘‘ജനങ്ങൾക്ക് വേണ്ടി മികച്ച രീതിയിൽ ഈ സർക്കാർ പ്രവർത്തിക്കും എന്നാണ് വിശ്വാസം..
ശബ്ദം ഉയർത്തേണ്ട ഇടങ്ങളിൽ മാത്രം സംസാരിച്ചാൽ മതി എന്നാണ് ഞാനും ആഗ്രഹിക്കുന്നത്.. എന്നാൽ വി.ഡി സതീശൻ എന്ന മുഖ്യമന്ത്രി ഈ നടത്തിയ പ്രസ്താവന മോശമാണ്...കുടുംബം നോക്കി ജീവിക്കുന്ന, മദ്യപിക്കാത്ത, അല്ലെങ്കിൽ ജോലി ചെയ്യാൻ കഴിയാത്ത രീതിയിൽ ആരോഗ്യം നഷ്ടപ്പെട്ട ഒരു പറ്റം പുരുഷന്മാരെ ആക്ഷേപിക്കുന്നതിനു തുല്യമാണ്...കേരളം പോലൊരു സംസ്ഥാനം ഒരിക്കലും സൗജന്യം നൽകി മുന്നോട്ട് പോകാൻ പാടില്ല എന്ന നിലപാടിൽ ഉറച്ചു നിന്ന് കൊണ്ട് പറയുന്നു...ജൻഡർ നോക്കി സൗജന്യം നൽകിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല..
ചുരുക്കം പറഞ്ഞാൽ മുഖ്യമന്ത്രി പറഞ്ഞു വെക്കുന്നത് സ്ത്രീകൾ വരുമാനം ഉണ്ടാക്കാൻ ശേഷി ഇല്ലാത്തവരും.. പുരുഷൻമാർ കള്ള് കുടിച്ചു കുടുംബം നോക്കാത്ത തെണ്ടികളും...ബലെ ഭേഷ്...’’ എന്നാണ് അഖില്‍ മാരാര്‍ വിമര്‍ശന രൂപേണ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
എന്നാല്‍ അഖിലിന്റെ പോസ്റ്റിനെ വിമര്‍ശിച്ച് പലരും കമന്റുകള്‍ കുറിക്കുന്നുണ്ട്. ‘പ്രസംഗം മര്യാദക്ക് കേൾക്ക്, എല്ലാ പുരുഷന്മാരെയും അല്ല എന്നാണ് പറഞ്ഞത്, ചിലർ എന്ന് എടുത്തു പറഞ്ഞത് കേൾക്കാൻ... സംഘി മനോഭാവം സമ്മതിക്കില്ല അല്ലേ??’ എന്നതടക്കമാണ് കമന്റുകള്‍.
മെൻസ് അസോസിയേഷന്റെ ആവശ്യത്തോട് പ്രതികരിച്ച് സംസാരിക്കവേ താനൊരു പുരുഷ വിരോധിയൊന്നുമല്ലെന്ന ആമുഖത്തോടെയാണ് മുഖ്യമന്ത്രി പറഞ്ഞു തുടങ്ങിയത്. ‘സ്ത്രീകൾ സൗജന്യ യാത്രയിലൂടെ മിച്ചം പിടിക്കുന്ന പൈസ വീട്ടിലെത്തും. പുരുഷന്മാരിൽ ചിലരൊക്കെ വീട്ടിൽ കൊടുക്കും, ബാക്കി എവിടെ പോകും, സർക്കാരിന് തന്നെ കിട്ടും...മെൻസ് അസോസിയേഷൻ പ്രതിഷേധം രസകരമാണ്. പ്രിയദർശിനി പദ്ധതി സ്ത്രീകളോടുള്ള ആദരവാണ്. സ്ത്രീകളെ ബഹുമാനിക്കാൻ സമൂഹം പഠിക്കണം..’ എന്നാണ് മുഖ്യമന്ത്രി തമാശ കലർത്തി പറഞ്ഞത്.






