
കോഴിക്കോട്: കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസില്‍ ആദ്യ അറസ്റ്റ്. ഡി.വൈ.എഫ്.ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവും സി.പി.എം തുരുത്തി ലോക്കല്‍ കമ്മിറ്റി അംഗമായ ജിതിന് ഭാസ്കറിനെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. നേരത്തെ ജിതിന് ഭാസ്കറിന്റെ ഫോണ്‍ പൊലീസ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.
നേരത്തെ വടകര സ്ക്വാഡ് എന്ന ഗ്രൂപ്പിന്റെ അഡ്മിന്മാരായ ആറ് പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പത്ത് പേരാണ് ഗ്രൂപ്പിന്റെ അഡ്മിന്മാര്. കാഫിര്‍ സ്ക്രീന്‍ഷോട്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനായി നടത്തിയ അന്വേഷണത്തില്‍ ആദ്യ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയിരിക്കുന്നത്. അന്വേഷണ സംഘം നേരത്തെ ജിതിന് ഭാസ്കറിനെ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. ഇന്ന് വീണ്ടും വിളിച്ച് വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സ്ക്രീന്‍ ഷോട്ട് ജിതിന് വടകര സ്ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആദ്യം ഇട്ടുവെന്നും പിന്നാലെ റിബേഷ് രാമകൃഷ്ണന് ഇത് റെഡ് എന്‍കൗണ്ടര്‍ ഗ്രൂപ്പില്‍ പ്രചരിപ്പിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍ എന്നാണ് വിവരം.






