
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ കൈയടി നേടുന്നത് സാരിയണിഞ്ഞ ഒരു യുവതിയുടെ അതിഗംഭീര നൃത്തപ്രകടനമാണ്. പോപ് സംഗീത ലോകത്തിന്റെ രാജാവായ മൈക്കല്‍ ജാക്സന്റെ ഐക്കോണിക് ചുവടുകള്‍ അതേ അനായാസമവയി അവതരിപ്പിച്ച കൊമല്‍ കുമാരിയുടെ വീഡിയോയാണ് ഇന്റര്‍നെറ്റില്‍ തരംഗമാകുന്നത്. സാരിയുടെ മടക്കങ്ങള്ക്കിടയിലും താളം തെറ്റാതെ നീങ്ങിയ ചുവടുകള്‍ കാണികളെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ്.
മൈക്കല്‍ ജാക്സന്റെ എക്കാലത്തെയും ഹിറ്റ് ഗാനമായ 'ബില്ലി ജീന്‍' പശ്ചാത്തല സംഗീതമായി മുഴങ്ങുമ്പോള്‍, യുവതി ഒന്നൊന്നായി ജാക്സന്റെ പ്രശസ്ത മൂവുകള്‍ പുറത്തെടുക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. റോബോട്ടിക് പോപ്പിംഗ് മുതല്‍ ശരീരത്തിന്റെ അതിസൂക്ഷ്മ ചലനങ്ങള്‍ വരെ കൃത്യതയോടെ അവതരിപ്പിച്ച താരം ഒടുവില്‍ മൂണ്വോക്കിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. 'സാരിയില്‍ ഇതൊക്കെ എങ്ങനെ സാധിക്കുന്നു?' എന്ന ചോദ്യമാണ് വീഡിയോ കണ്ട പലരുടെയും മനസ്സില്‍ ഉയര്‍ന്നത്.
വീഡിയോയുടെ ആശയവും കൗതുകമുണര്‍ത്തുന്നതാണ്. 'മൈക്കല്‍' എന്ന സിനിമ കണ്ടതിന് ശേഷം മൈക്കല്‍ ജാക്സന്റെ കടുത്ത ആരാധികയായി മാറിയ ഒരു അമ്മയുടെ സാങ്കല്‍പ്പിക അവതാരമായാണ് കൊമല്‍ കുമാരി ഈ പ്രകടനം ഒരുക്കിയത്. തമാശയും കഴിവും ഒരുപോലെ ചേര്‍ന്ന അവതരണം വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്.
വീഡിയോ വൈറലായതോടെ കൊമലിനെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്തെത്തിയത്. സാധാരണ ഡാന്‍സ് വേഷത്തില്‍ പോലും പ്രയാസമുള്ള ചുവടുകള്‍ സാരിയണിഞ്ഞ് ഇത്ര മനോഹരമായി അവതരിപ്പിച്ചതിന് നിരവധി പേരാണ് അഭിനന്ദനവുമായി എത്തിയത്. ഇന്ത്യന്‍ പാരമ്പര്യ വേഷവും ആഗോള പോപ് സംസ്കാരവും ഒരുമിച്ചപ്പോള്‍ പിറന്ന ഈ പ്രകടനം സോഷ്യല്‍ മീഡിയയ്ക്ക് സമ്മാനിച്ചത് ഒരു വേറിട്ട വൈറല്‍ നിമിഷമാണ്.






