
ലോകകപ്പ് ആവേശം കത്തിനില്ക്കുമ്പോള് ഇന്റര്‍നെറ്റ് ഒന്നടങ്കം ഏറ്റെടുത്തത് ഒരു കുഞ്ഞു ആരാധകനെയാണ്. പറഞ്ഞുവരുന്നത് മെക്സിക്കോയുടെ പച്ചവെള്ളചുവപ്പ് പതാകയെ അനുകരിക്കാന്‍ ക്രിസ്മസ് ജമ്പര്‍ ഇട്ട് കളി കാണാന്‍ എത്തിയ കുഞ്ഞു ആരാധകന് സാന്റിയെക്കുറിച്ചാണ്. 'പതാക പോലെ തോന്നാന്‍ വേണ്ടിയാണ് ഈ ഉടുപ്പിട്ടത്' എന്ന് ടിവിയില്‍ ലൈവായി പറഞ്ഞ സാന്റിയുടെ നിഷ്കളങ്കത ഫുട്ബോള്‍ ലോകത്തിന്റെ മനസ്സ് കവര്‍ന്നു. വീഡിയോ വൈറലായതോടെ സോഷ്യല്‍ മീഡിയ മുഴുവന്‍ 'ഈ കുട്ടിയെ കണ്ടെത്തണം' എന്ന ക്യാമ്പയിനായി മാറി.
പിന്നെ സംഭവിച്ചത് സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റായിരുന്നു. ജൂണ്‍ 14ന് ക്ലാരോ സ്പോര്‍ട്സിന്റെ സ്റ്റുഡിയോയില്‍ അതിഥിയായി എത്തിയ സാന്റിയെ കാത്തിരുന്നത് ഒരു സര്‍പ്രൈസ് പൊതിയായിരുന്നു മെക്സിക്കോ ദേശീയ ടീം അയച്ചുകൊടുത്ത അവന്റെ പേരെഴുതിയ ഒഫീഷ്യല്‍ ജേഴ്സി! ഒപ്പം സ്െ്രെടക്കര്‍ സാന്റിയാഗോ ഗിമെനെസിന്റെ വീഡിയോ സന്ദേശവും: 'ഹേയ് സാന്റി, ഒരുപാട് സ്നേഹം. ഈ സമ്മാനം നിനക്ക് ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. വലിയൊരു കെട്ടിപ്പിടിത്തം!' ആ നിമിഷം സ്റ്റുഡിയോ മുഴുവന്‍ ഇമോഷണലായി. ജൂണ്‍ 19-ന് നടക്കുന്ന സൗത്ത് കൊറിയക്കെതിരായ മത്സരത്തില്‍ ഈ പുതിയ ജേഴ്സിയിട്ട് തന്നെ സാന്റി കളി കാണും.
നിരവധിപേരാണ് സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ കമന്റുകളുമായി രംഗത്തെത്തിയത്. 'ഇതാണ് ഫുട്ബോള്‍'. 'ആ കുട്ടിക്ക് ഇത് ജീവിതകാലം മുഴുവന്‍ ഓര്‍ക്കാനുള്ള ഓര്‍മ്മയാണ്' എന്നാണ് ഒരാള്‍ കുറിച്ചത്. മറ്റൊരാള്‍ കുറിച്ചത് 'കായികം മനുഷ്യത്വത്തില്‍ നമ്മുടെ വിശ്വാസം തിരികെ കൊണ്ടുവരുന്നു' എന്നാണ്.






