
ജോലിക്ക് വേണ്ടിയുള്ള ഇന്റര്‍വ്യൂവിന് പോകുമ്പോള്‍ നല്ല വസ്ത്രം ധരിക്കണമെന്നും ആത്മവിശ്വാസത്തോടെ സംസാരിക്കണമെന്നുമൊക്കെ എല്ലാവരും പറയാറുണ്ട്. എന്നാല്‍ മുംബൈയിലെ പ്രൈം വീഡിയോ എക്‌സിക്യൂട്ടീവായ ഭാവിഷ ജെയിന്‍ പങ്കുവെച്ച ഒരു അനുഭവം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കനത്ത ചര്‍ച്ചയായിരിക്കുകയാണ്. മികച്ച യോഗ്യതകളും സോഷ്യല്‍ മീഡിയയില്‍ 50,000ത്തിലധികം ഫോളോവേഴ്‌സുമുള്ള ഒരു യുവതിക്ക്, കേവലം ഒരു ടിഷര്‍ട്ട് കാരണം ഇന്റര്‍വ്യൂ തുടങ്ങുന്നതിന് മുന്‍പ് തന്നെ ജോലി നഷ്ടമായി.
ക്രിയേറ്റീവ് റോളിലേക്കുള്ള ഇന്റര്‍വ്യൂവിനായി എത്തിയതായിരുന്നു ഈ യുവതി. അവരുടെ പ്രൊഫൈലും മുന്‍കാല പ്രവൃത്തിപരിചയവും കണ്ട് ഭാവിഷ ശരിക്കും ഇംപ്രസ്സ് ആയിരുന്നു. എന്നാല്‍ ഇന്റര്‍വ്യൂ റൂമിലേക്ക് യുവതി കയറിവന്നപ്പോള്‍ ഭാവിഷയുടെ തീരുമാനം പാടേ മാറി. യുവതി ധരിച്ചിരുന്ന ടിഷര്‍ട്ടില്‍ വലിയ അക്ഷരങ്ങളില്‍ എഴുതിയിട്ടുണ്ടായിരുന്നു: 'ഐ ആം ടൂ ഹോട്ട് ഫോര്‍ എ ജോബ്' (ഒരു ജോലി ചെയ്യാന്‍ പറ്റിയതിലും സുന്ദരിയാണ്/ഹോട്ട് ആണ് ഞാന്‍). ഈ ഒറ്റ വാചകം കണ്ടതോടെ ഒരു ചോദ്യം പോലും ചോദിക്കാതെ ഭാവിഷ അവരെ റിജക്റ്റ് ചെയ്യുകയായിരുന്നു.
ലിങ്ക്ഡ്ഇന്നില്‍ പങ്കുവെച്ച കുറിപ്പില്‍ ഭാവിഷ തന്റെ തീരുമാനത്തെ വ്യക്തമായി ന്യായീകരിക്കുന്നുണ്ട്. ഇതൊരു വസ്ത്രധാരണ രീതിയുടെയോ അല്ലെങ്കില്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ചതിന്റെയോ പ്രശ്‌നമല്ലെന്ന് അവര്‍ പറയുന്നു. മറിച്ച്, പോകുന്ന സ്ഥലത്തിന്റെ സാഹചര്യം മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയുടെ കുറവാണ്. 'നമ്മള്‍ ആരും കല്യാണത്തിന് നീന്തല്‍ വസ്ത്രം ധരിച്ചോ, ജിമ്മില്‍ കോട്ടും സൂട്ടുമിട്ടോ പോകാറില്ലല്ലോ? അങ്ങനെയെങ്കില്‍, താന്‍ അപേക്ഷിക്കുന്ന ജോലിയേക്കാള്‍ വലിയ ആളാണ് താനെന്ന് നെഞ്ചില്‍ എഴുതിവെച്ച വസ്ത്രം ധരിച്ച് ആരെങ്കിലും ഇന്റര്‍വ്യൂവിന് വരുമോ?' എന്ന് ഭാവിഷ ചോദിക്കുന്നു.
ചുരുങ്ങിയ സമയത്തിനുള്ളില്‍ കമ്പനിക്ക് മുന്നില്‍ മികച്ചൊരു ഇംപ്രഷന്‍ ഉണ്ടാക്കുക എന്നതാണ് ഇന്റര്‍വ്യൂവില്‍ പ്രധാനം. അവിടെ നിങ്ങളുടെ വസ്ത്രത്തിലെ ഓരോ വാക്കുകളും നിങ്ങളെക്കുറിച്ച് സംസാരിക്കും. സംസാരിച്ചു തുടങ്ങുന്നതിന് മുന്‍പ് തന്നെ ആ യുവതി താന്‍ ഈ ജോലിക്ക് പറ്റിയ ആളല്ലെന്ന് ടിഷര്‍ട്ടിലൂടെ പറഞ്ഞു കഴിഞ്ഞിരുന്നു. 'അവള്‍ ആ ജോലിക്ക് പറ്റിയതിലും ഹോട്ട് ആണെന്ന് അവള്‍ തന്നെ എന്നോട് പറഞ്ഞു, ഞാന്‍ അത് അതേപടി വിശ്വസിച്ചു!' എന്ന രസകരമായ വാക്കുകളോടെയാണ് ഭാവിഷ തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. ഈ വൈറല്‍ പോസ്റ്റിന് താഴെ അനുയോജ്യമായ വസ്ത്രധാരണത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തര്‍ക്കങ്ങള്‍ നടക്കുകയാണ്.






