
ന്യൂയോർക്ക്: ലോകപ്രശസ്തമായ ന്യൂയോർക്ക് ടൈംസ് സ്ക്വയറിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞുണ്ടായ കത്തിക്കുത്തും വെടിവെപ്പും വിനോദസഞ്ചാരികളെയും ഫുട്ബോൾ പ്രേമികളെയും പരിഭ്രാന്തിയിലാഴ്ത്തി. സംഭവത്തെ തുടർന്ന് ജനത്തിരക്കേറിയ ഈ പൊതുസ്ഥലത്ത് വൻ പോലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. വെടിവയ്പിൽ ഒരാൾക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ. ലോകകപ്പ് ഫുട്ബോളിന്റെ ആതിഥേയ രാജ്യമെന്ന നിലയിൽ ക്രമസമാധാന തകർച്ച വലിയ ആശങ്കയോടെയാണ് പൊലീസ് വീക്ഷിക്കുന്നത്.
പോലീസ് റിപ്പോർട്ടുകൾ പ്രകാരം, വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് 3:40 ഓടെ ടൈംസ് സ്ക്വയറിൽ ഒരു തർക്കമുണ്ടാവുകയും, ഇതിനിടയിൽ 26 വയസ്സുകാരനായ യുവാവിന് കത്തിക്കൊണ്ട് കുത്തേൽക്കേൽക്കുകയും ചെയ്തു. കഴുത്തിന് പരിക്കേറ്റ ഇയാളെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. ഈ സംഘർഷത്തിനിടയിലാണ് 17 വയസ്സുകാരനായ ഒരു കൗമാരക്കാരൻ ആൾക്കൂട്ടത്തിന് നേരെ പലതവണ വെടിയുതിർത്തത്.
അക്രമത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച കൗമാരക്കാരനെ സംഭവസ്ഥലത്തുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ പിന്തുടർന്ന് പിടികൂടി. ഇയാളെ നിലവിൽ പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാൾക്കെതിരെയുള്ള കുറ്റപത്രവും മറ്റ് നിയമനടപടികളും പുരോഗമിക്കുകയാണെന്ന് ന്യൂയോർക്ക് പോലീസ് വ്യക്തമാക്കി.
കായിക പ്രേമികളും വിനോദസഞ്ചാരികളും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ സമയത്തുണ്ടായ ഈ അക്രമസംഭവം വലിയ രീതിയിലുള്ള ഭീതി പരത്തി. വെടിയൊച്ച കേട്ടതോടെ ആളുകൾ ജീവനും കൊണ്ട് പലദിശകളിലേക്ക് ഓടിമാറുന്ന സാഹചര്യമുണ്ടായി. ടൈംസ് സ്ക്വയർ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.






