
മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുളള പദ്ധികള്‍ പ്രഖ്യാപിച്ച ബജറ്റിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ലാല്‍. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
'' പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്. ആയിരക്കണക്കിന് സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്‌കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി'', മോഹന്‍ലാലിന്റെ വാക്കുകള്‍.
യുഡിഎഫ് സര്‍ക്കാരിന്റെ പുതിയ ബജറ്റില്‍ സിനിമാ സാംസ്‌കാരികമേഖലയുമായി ബന്ധപ്പെട്ട പല പദ്ധതികളും ഉണ്ട്. കൊച്ചിയില്‍ ജെസി ഡാനിയേല്‍ ഫിലിംസിറ്റിയും ചിത്രനഗരം പദ്ധതിയും കോഴിക്കോട് എം.ടി. വാസുദേവന്‍ നായരുടെ പേരില്‍ കള്‍ച്ചറല്‍ പാര്‍ക്ക് സലിംകുമാറിന്റെ പേരില്‍ സ്മാരകം തുടങ്ങിയവയെല്ലാം ഇതില്‍ പെടുന്നു.
അന്തരിച്ച സാഹിത്യ പ്രതിഭ എം ടി വാസുദേവന്‍ നായരുടെ പേരില്‍ കോഴിക്കോട്ട് കള്‍ച്ചറല്‍ പാര്‍ക്ക് തുടങ്ങും. ഇതിനായി 50 കോടി വകയിരുത്തി. എം. ടി.സ്മാരക കള്‍ച്ചറല്‍ പാര്‍ക്കില്‍ ലൈബ്രററി, തിയേറ്റര്‍, ആര്‍ട്ട് ഗ്യാലറി, ചരിത്ര മ്യൂസിയം, സാഹിത്യ ഭാഷ മ്യൂസിയം, ഏഴുത്തുകാരുടേയും മറ്റ് പ്രതിഭകളുടെയും ശബ്ദമ്യൂസിയം, കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും പ്രത്യേക ഇടങ്ങള്‍, വിശ്രമ വേളകള്‍ കുടുംബമായി ചെലവഴിക്കുന്നതിനുള്ള പ്രത്യേക ഇടങ്ങള്‍, ഫുഡ്കോര്‍ട്ടുകള്‍, പുസ്തകശാലകള്‍, എന്നിവ ഇതില്‍ സ്ഥാപിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
എംടി.യുടെ നാമത്തിലുള്ള കള്‍ച്ചറല്‍ പാര്‍ക്കിനായി 50 കോടി രൂപയാണ് ഇതിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. ജെസി ഡാനിയേല്‍ ഫിലിം സിറ്റിയും കൊച്ചിയില്‍ ആരംഭിക്കും. ഇതിനായി 100 കോടി വകയിരുത്തി. വിനോദ വിജ്ഞാന കേന്ദ്രമായി ഇതിനെ മാറ്റും. അന്തരിച്ച പ്രശസ്ത നടന്‍ സലിം കുമാറിന്റെ ഓര്‍മയ്ക്കായി കൊച്ചിയില്‍ സ്മാരകം പണിയും. ഇതിനായി ഒരു കോടി രൂപ വകയിരുത്തി.
അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററിന്റെ പേരില്‍ തൃശ്ശൂരില്‍ പുതിയ മ്യൂസിക് അക്കാദമിയും ആരംഭിക്കുന്നുണ്ട്. ഇതിനായി അഞ്ച് കോടി രൂപയും വകയിരുത്തുമെന്നും പ്രഖ്യാപനത്തില്‍ പറഞ്ഞു.






