
രാജ്‌കോട്ട്: രാജ്‌കോട്ടിൽ ഇൻസ്റ്റാഗ്രാം സൗഹൃദത്തിലൂടെ വിവാഹിതയായ യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്‌മെയിൽ ചെയ്ത് നിർബന്ധിത മതംമാറ്റത്തിന് ഇരയാക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കി. പ്രതികളുടെ നിരന്തരമായ ഭീഷണിയെയും പീഡനത്തെയും തുടർന്ന് വീട്ടിൽ വെച്ച് ആസിഡ് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
നാല് മാസം മുൻപാണ് ഇൻസ്റ്റാഗ്രാമിൽ 'ജിദ്ദി ബോയ്' എന്ന വ്യാജ പ്രൊഫൈൽ ഐഡി വഴി പ്രധാന പ്രതിയുമായി യുവതി പരിചയപ്പെടുന്നത്. സൌഹൃദം സ്ഥാപിച്ച ശേഷം രാജ്‌കോട്ടിലെത്തിയ ഇയാൾ അനീഷ എന്ന സ്ത്രീയുടെ സഹായത്തോടെ യുവതിയെ ഒരു ഹോട്ടൽ മുറിയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി, വിവരം പുറത്തുപറഞ്ഞാൽ ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക്‌മെയിൽ ചെയ്യാൻ തുടങ്ങി. രണ്ട് മാസങ്ങൾക്ക് ശേഷമാണ് യുവാവിന്റെ യഥാർത്ഥ പേര് അഫ്സൽ കാരാഭായ് സിദ എന്നാണെന്നും ഇയാൾ ജുനാഗഡ് സ്വദേശിയാണെന്നും യുവതി തിരിച്ചറിയുന്നത്.
പീഡനത്തിനു പിന്നാലെ അഫ്സലും അനീഷയും ചേർന്ന് സോഷ്യൽ മീഡിയയിൽ ലൈവ് സെഷനുകൾ നടത്തി യുവതിയെ പരസ്യമായി അപമാനിക്കാനും തുടങ്ങി. ഭർത്താവുമായി വിവാഹമോചനം നേടാനും ഇസ്ലാം മതം സ്വീകരിക്കാനും പ്രതികൾ യുവതിക്ക് മേൽ കടുത്ത മാനസിക സമ്മർദ്ദമാണ് ചെലുത്തിയത്. അഫ്സൽ യുവതിയെ പല പ്രാർത്ഥനാലയങ്ങളിലും നിർബന്ധിച്ച് കൊണ്ടുപോവുകയും ചില അന്ധവിശ്വാസ ചടങ്ങുകളുടെ ഭാഗമായി നൂലുകൾ ധരിപ്പിക്കുകയും വെള്ളം കുടിപ്പിക്കുകയും ചെയ്തു. പിന്നീട് മതംമാറാൻ നേരിട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തു. ബന്ധം പൂർണ്ണമായി അവസാനിപ്പിക്കാൻ ശ്രമിച്ചപ്പോൾ ദൃശ്യങ്ങൾ കാട്ടി വീണ്ടും ബ്ലാക്ക്‌മെയിൽ തുടരുകയായിരുന്നു.
പീഡനവിവരം യുവതി ഭർത്താവിനോട് പറയുകയും പോലീസിൽ പ്രാഥമിക പരാതി നൽകുകയും ചെയ്തെങ്കിലും, പരാതി പിൻവലിക്കാൻ യുവതിയെ ഭീഷണിപ്പെടുത്തി. നിരന്തരമായ പീഡനവും മാനസിക സമ്മർദ്ദവും താങ്ങാനാവാതെ ഒടുവിൽ യുവതി വീട്ടിൽ വെച്ച് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഭർത്താവ് ഉടൻ തന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചതിനാലാണ് ജീവൻ രക്ഷിക്കാനായത്. തുടർന്ന് യുവതി വീണ്ടും പോലീസിനെ സമീപിക്കുകയായിരുന്നു.






