
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലെ അന്വേഷണത്തിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. നിരന്തരം നിർദേശം നൽകിയിട്ടും അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്തതിൽ അന്വേഷണ ഉദ്യോഗസ്ഥനെ കോടതി രൂക്ഷമായി വിമർശിച്ചു.
കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ലെന്നു തോന്നുന്നുവെന്ന് കോടതി നിരീക്ഷിച്ചു. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാത്ത പക്ഷം എസ്.പി എസ്. ശശിധരനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റുമെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി. കോടതിയെ കളിയാക്കരുതെന്നും അന്വേഷണ ഉദ്യോഗസ്ഥന് മേൽ ചില സമ്മർദ്ദങ്ങളുണ്ടെന്നുമുള്ള നിരീക്ഷണവും സിംഗിൾ ബെഞ്ച് നടത്തി.
മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലെ അന്വേഷണം വേഗത്തിലാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ചേർത്തല മാരാരിക്കുളം സ്വദേശി എം.എസ്. അനിൽ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്. നേരത്തെ ഹർജി പരിഗണിച്ചപ്പോൾ ജൂൺ 20നകം അന്വേഷണം പൂർത്തിയാക്കാൻ കോടതി നിർദേശം നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പരാതിയെ തുടർന്നാണ് മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണം ആരംഭിച്ചത്.






