
കോറിയ: ഛത്തീസ്ഗഢിലെ കോറിയ ജില്ലയിൽ ഭർത്താവിന്റെ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായി വിവാഹിതയായ യുവതി. കൈകാലുകൾ കെട്ടിയിട്ട് തലമുണ്ഡനം ചെയ്യുകയും മുഖത്ത് കരി ഓയിൽ പുരട്ടുകയും ചെയ്ത ശേഷം ഭർത്താവ് യുവതിയെ നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചതായാണ് പരാതി. മക്കളുടെ മുന്നിൽ വെച്ചായിരുന്നു ഈ ക്രൂരത മുഴുവൻ അരങ്ങേറിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ പോലീസ് പ്രതിക്കെതിരെ കൂടുതൽ കടുത്ത വകുപ്പുകൾ ചുമത്തി കേസെടുത്തു.
കോറിയ സ്വദേശിനിയായ താരയും ഭർത്താവ് ജിതേന്ദ്ര ഘാസിയയും പ്രണയിച്ച് വിവാഹിതരായവരാണ്. 15 വർഷം നീണ്ട ദാമ്പത്യത്തിൽ ഇവർക്ക് നാല് മക്കളുണ്ട്. എന്നാൽ വർഷങ്ങളായുള്ള കുടുംബവഴക്കും സാമ്പത്തിക പ്രതിസന്ധിയും ഭർത്താവിന്റെ പീഡനവും കാരണം താര മക്കളുമായി മാറിത്താമസിക്കുകയായിരുന്നു. വീട്ടുജോലി ചെയ്താണ് ഇവർ കുടുംബം പുലർത്തിയിരുന്നത്.
കഴിഞ്ഞ ജൂൺ 14-നാണ് സംഭവം നടക്കുന്നത്. താരയെ സഹായിച്ചിരുന്ന ഒരു സുഹൃത്തിന്റെ വീട്ടിൽ കഴിഞ്ഞിരുന്ന ഇവരെ ഭർത്താവ് ജിതേന്ദ്ര ഘാസിയ തിരഞ്ഞുപിടിച്ച് കണ്ടെത്തുകയായിരുന്നു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് വീടിന് പുറത്തേക്ക് വിളിച്ചുവരുത്തിയ ശേഷം ഇയാൾ താരയ്ക്ക് നേരെ അവിഹിതബന്ധം ആരോപിക്കുകയും ചീത്തവിളിക്കുകയും ചെയ്തു. തുടർന്ന് കൈകാലുകൾ കയറുകൊണ്ട് കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് താര പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. തലമുണ്ഡനം ചെയ്ത ശേഷം മുഖത്ത് എഞ്ചിൻ ഓയിലും കരിയും പുരട്ടി. തുടർന്ന് നിർബന്ധിച്ച് മൂത്രം കുടിപ്പിച്ചു. എതിർത്തപ്പോൾ ജീവനോടെ കത്തിക്കുമെന്നും ഭീഷണിപ്പെടുത്തി.
ക്രൂരതയുടെ ആക്കം കൂട്ടാൻ സ്വന്തം മക്കളെപ്പോലും പ്രതി ഇതിനായി ഉപയോഗിച്ചു. അമ്മയെ മാറിമാറി തല്ലാൻ ഇയാൾ മക്കൾക്ക് നിർദ്ദേശം നൽകി. കൂടാതെ മക്കളിലൊരാളെക്കൊണ്ട് അമ്മയ്ക്ക് മൂത്രം നൽകാൻ നിർബന്ധിച്ചതായും, പിന്നീട് പ്രതി തന്നെ നേരിട്ട് തന്റെ മൂത്രം കുടിപ്പിച്ചതായും യുവതി വെളിപ്പെടുത്തി. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ, ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റൊരു പുരുഷനൊപ്പം താമസിക്കുകയാണെന്നും മുൻപും പലർക്കുമൊപ്പം ഒളിച്ചോടിയിട്ടുണ്ടെന്നും പ്രതി ആരോപിക്കുന്നത് കേൾക്കാം.
എന്നാൽ ഈ ആരോപണങ്ങളെല്ലാം താര നിഷേധിച്ചു. വിവാഹത്തിന്റെ ആദ്യ നാളുകൾ മുതൽ ഭർത്താവ് തന്റെ സ്വഭാവത്തെ സംശയിച്ചിരുന്നുവെന്നും സ്ത്രീധനത്തിന്റെ പേരിൽ നിരന്തരം മർദ്ദിച്ചിരുന്നുവെന്നും അവർ പോലീസിനോട് പറഞ്ഞു. നാല് മക്കൾ ഉണ്ടായതിന് ശേഷം താൻ വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നുവെന്നും ഇയാൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നും താര ആവശ്യപ്പെട്ടു
യുവതി ആദ്യം പരാതി നൽകിയപ്പോൾ ഭാരതീയ ന്യായ സംഹിതയിലെ ഗാർഹിക പീഡനം (സെക്ഷൻ 85), മർദ്ദനം (സെക്ഷൻ 115(2)), അസഭ്യം പറയൽ (സെക്ഷൻ 296), ഭീഷണിപ്പെടുത്തൽ (സെക്ഷൻ 351(2)) എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരുന്നത്. എന്നാൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കേസിന്റെ വ്യാപ്തി ബോധ്യപ്പെട്ടതായും പ്രതിക്കെതിരെ കൂടുതൽ ഗുരുതരമായ കുറ്റങ്ങൾ ചുമത്തുമെന്നും കോറിയ അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് സുരേഷ് ചൗബെ വ്യക്തമാക്കി. മദ്യപിച്ചെത്തി മർദ്ദിച്ചുവെന്നായിരുന്നു യുവതി ആദ്യം നൽകിയ പരാതിയെന്നും വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച ശേഷം കൂടുതൽ വകുപ്പുകൾ ചേർത്ത് പ്രതിയെ റിമാൻഡ് ചെയ്യാനായി കോടതിയിൽ ഹാജരാക്കുമെന്നും പോലീസ് അറിയിച്ചു.






