
കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിൽ ഒന്നാം പ്രതി ഓറല്‍ പാത്തോളജി വിഭാഗം മേധാവി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. തലശ്ശേരി സെഷന്‍സ് കോടതി എം കെ റാമിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയിരുന്നു. പിന്നാലെയാണ് ഹൈക്കോടതിയെ സമീപിച്ചത്.
തനിക്കെതിരായ എല്ലാ കുറ്റങ്ങളും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ എം കെ റാം നിഷേധിച്ചു. മറ്റൊരു പ്രകോപനമാണ് നിതിന്‍ രാജിന്റെ മരണകാരണമെന്ന് എം കെ റാം പറയുന്നു. ലോണ്‍ വായ്പയാണ് മരണകാരണം. അതുമായി ബന്ധപ്പെട്ട് പ്രിന്‍സിപ്പാലിന്റെ മുറിയില്‍ വെച്ച് ചോദ്യം ചെയ്യപ്പെട്ടതിന് പിന്നാലെയാണ് നിതിന്‍ ആത്മഹത്യ ചെയ്തതെന്ന് റാം വാദിക്കുന്നു. തനിക്ക് മരണത്തില്‍ പങ്കില്ലെന്നും വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാനോ ആത്മഹത്യയിലേക്ക് തള്ളി വിടാനോ ഉള്ള ലക്ഷ്യമില്ലായിരുന്നുവെന്നും റാം മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.
ഏപ്രിൽ പത്തിനായിരുന്നു നിതിൻ രാജ് കോളെജ് കെട്ടിടത്തിൽ നിന്നും വീണ് മരണപ്പെട്ടത്. ആത്മഹത്യാപ്രേരണാ കുറ്റം, എസ്സി- എസ്ടി വകുപ്പും ചുമത്തിയായിരുന്നു ഡോ. എം.കെ. റാമിനെതിരേ കേസെടുത്തിരുന്നത്. അഞ്ചരക്കണ്ടി കണ്ണൂർ ഡെന്റൽ കോളേജിലെ അധ്യാപകനും ഓറൽ പതോളജി വിഭാഗം മേധാവിയുമായിരുന്ന റാം ആന്ധ്രാപ്രദേശ് സ്വദേശിയാണ്.






