
അമേരിക്കയിലെ ഒക്ലഹോമയില്‍ നിന്നുള്ള ഒരു പിതാവ് തന്റെ രണ്ട് കൊച്ചു പെണ്‍മക്കളെ ഗ്യാസ് സ്‌റ്റേഷനിലെ വനിതാ ശുചിമുറിയില്‍ കൊണ്ടുപോയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കവും പോലീസ് ഇടപെടലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നു. ഫ്‌ലോറിഡയില്‍ നിന്നും ഒക്ലഹോമയിലേക്ക് മക്കളുമായി യാത്ര ചെയ്യുകയായിരുന്ന ടൈലര്‍ ബ്രോഡ്‌സ്‌കി എന്ന വ്യക്തിയാണ് ഈ സംഭവത്തിന്റെ വീഡിയോ ടിക് ടോക്കിലൂടെ പങ്കുവെച്ചത്. വഴിമധ്യേ അലബാമയിലെ ഒരു ഗ്യാസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ കുട്ടികള്‍ക്ക് ബാത്ത്‌റൂമില്‍ പോകേണ്ടി വരികയും, പുരുഷന്മാരുടെ ശുചിമുറി അങ്ങേയറ്റം അഴുക്കായി കിടന്നതിനാലും അവിടെ അപരിചിതരായ പുരുഷന്മാര്‍ ഉണ്ടായിരുന്നതിനാലും അദ്ദേഹം കുട്ടികളെ ഒഴിഞ്ഞുകിടന്ന വനിതാ ശുചിമുറിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.
എന്നാല്‍ ഈ സമയം അവിടെയുണ്ടായിരുന്ന ഒരു പുരുഷന്‍ ഇതിനെതിരെ ശക്തമായി രംഗത്തുവരികയും ഇത് തികച്ചും 'ഹാസ്യസ്പദമായ' കാര്യമാണെന്ന് പറഞ്ഞ് ബ്രോഡ്‌സ്‌കിയോട് തര്‍ക്കിക്കാന്‍ തുടങ്ങുകയും ചെയ്തു. തന്റെ ഭാര്യയും അസുഖബാധിതയായ അമ്മയും ഉള്ളിലേയ്ക്ക് കയറാന്‍ വരുമ്പോള്‍ ഒരു പുരുഷന്‍ വനിതാ ശുചിമുറിക്കുള്ളില്‍ നില്‍ക്കുന്നത് ശരിയല്ലെന്നായിരുന്നു ഇയാളുടെ വാദം. തുടര്‍ന്ന് ഇയാള്‍ പോലീസിനെ ഫോണില്‍ വിളിച്ച് പരാതിപ്പെടുന്നതിനിടയിലും ബ്രോഡ്‌സ്‌കി തന്റെ മക്കളുടെ കൈകള്‍ കഴുകാന്‍ സഹായിക്കുകയായിരുന്നു. ഈ വലിയ ബഹളവും തര്‍ക്കവും കണ്ട് ഭയന്നുപോയ കൊച്ചുപെണ്‍കുട്ടികളില്‍ ഒരാള്‍ കരയുന്നതും വീഡിയോയില്‍ കാണാം.
'ഞാന്‍ എന്റെ മക്കളെയാണ് സഹായിക്കുന്നത്, അവര്‍ പെണ്‍കുട്ടികളാണ്, അതുകൊണ്ടാണ് അവരെ ഇവിടെ കയറ്റിയത്' എന്ന് പിതാവ് വ്യക്തമാക്കിയെങ്കിലും, ഗ്യാസ് സ്‌റ്റേഷനിലെ ഏതെങ്കിലും വനിതാ ജീവനക്കാരോട് സഹായം ചോദിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്ന് എതിര്‍പ്പുന്നയിച്ചയാള്‍ വാദിച്ചു. തുടര്‍ന്ന് മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുകയും കാര്യങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. എന്നാല്‍ പിതാവ് യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും മക്കളുടെ സുരക്ഷ നോക്കുക മാത്രമാണ് ചെയ്തതെന്നും വ്യക്തമാക്കിയ പോലീസ്, തര്‍ക്കമുണ്ടാക്കിയ ആളോട് അവിടെ നിന്നും പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.
പൊതുസ്ഥലങ്ങളില്‍ കുട്ടികളുമായി പോകുമ്പോള്‍ മാതാപിതാക്കളും കെയര്‍ഗിവര്‍മാരും നേരിടുന്ന ഇത്തരം അസ്വസ്ഥത നിറഞ്ഞ സാഹചര്യങ്ങളെക്കുറിച്ചുള്ള വലിയൊരു ചര്‍ച്ചയ്ക്കാണ് ഈ വീഡിയോ ഇപ്പോള്‍ വഴിവെച്ചിരിക്കുന്നത്. കുട്ടികള്‍ സുരക്ഷിതരാണെന്നും, പോലീസ് ഉദ്യോഗസ്ഥര്‍ കുട്ടികളോട് സംസാരിച്ച് അവര്‍ക്ക് സുരക്ഷിതത്വബോധം നല്‍കിയെന്നും ബ്രോഡ്‌സ്‌കി പിന്നീട് അറിയിച്ചു. ഈ വീഡിയോ പങ്കുവെച്ചത് ആരെയും വ്യക്തിപരമായി ഉപദ്രവിക്കാനല്ലെന്നും, മറിച്ച് പൊതുസ്ഥലങ്ങളില്‍ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകുമ്പോള്‍ കുറച്ചുകൂടി വിവേകത്തോടെ പെരുമാറാന്‍ ആളുകള്‍ തയ്യാറാകണം എന്ന് ഓര്‍മ്മിപ്പിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
🚨 Viral Watch: A father has gone viral after being confronted and having police called on him for bringing his two young daughters into a women’s restroom, sparking debate online over parents accompanying their children in public bathrooms. 😳#Viral #Parenting #PublicRestrooms… https://t.co/8MV4cBONq1 pic.twitter.com/A0k0ccTdEf
— The Globe & News (@TheGlobeNewt) June 18, 2026






